തൃത്താല: പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ. ശ്രീധരനെതിരെയാണ് വി.ടി. ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.
എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേതെന്നാണ് വി.ടി. ബല്‍റാം പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
‘അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തില്‍ ആദ്യം ഇരകള്‍ക്കൊപ്പം നില്‍ക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയില്‍ നീതി വാങ്ങി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരില്‍ പ്രതികള്‍ക്കെതിരായ മുഴുവന്‍ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക,
പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക,’ എന്ന് വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി.
അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യന്‍ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചനക്കെതിരെ കൂടിയാണ് ഇന്നത്തെ കോടതി വിധിയെന്നും വി.ടി. ബല്‍റാം പറഞ്ഞു. സി.കെ. ശ്രീധരന്‍ ഒരു പാഴ് ജന്മമാണെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സി.കെ. ശ്രീധരന്റെ ആത്മകഥ ‘ജീവിതം നിയമം നിലപാടുകൾ’ പ്രകാശനം ചെയ്യാനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പിന്നാലെ കോണ്‍ഗ്രസിനോടുള്ള അതൃപ്തി പരസ്യമായി അറിയിച്ച് ശ്രീധരന്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അപചയമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ആര്‍.എസ്.എസ് നിലപാടാണെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന ശ്രീധരനെ കോണ്‍ഗ്രസിന്റെ പുനഃസംഘടനയില്‍ അംഗമാക്കിയിരുന്നില്ല. ഇക്കാലയളവ് മുതല്‍ കോണ്‍ഗ്രസും സി.കെ. ശ്രീധരനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ 12 പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്ത സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയാണ് സി.കെ. ശ്രീധരന്‍
ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, എ. പീതാംബരന്‍, ടി.ര ഞ്ജിത്ത്, എ.എം. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ. സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി (പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്‌ക്കരന്‍, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവര്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.
24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
2019 ഫെബ്രുവരിയി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നത്. കാറിലെത്തിയ അക്രമിസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത് ലാലും മരിക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കേസില്‍ വിധി വരുന്നത്. 2023 ഫെബ്രുവരിയില്‍ കൊച്ചി സി.ബി.ഐ കോടതിയിലാണ് വിചാരണ ആരംഭിച്ചത്.
Content Highlight: VT Balram against adv. CK Sreedharan in periya case