| Monday, 15th April 2019, 10:56 am

ഇ.കെ നായനാരെ ഓഡിറ്റ് ചെയ്താല്‍ സ്ത്രീവിരുദ്ധനാണെന്ന് മനസിലാകും: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അന്തരിച്ച സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ നായനാരെ ഓഡിറ്റ് ചെയ്താല്‍ സ്ത്രീവിരുദ്ധനാണെന്ന് മനസിലാകുമെന്ന് വി.ടി ബല്‍റാം. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാംപസ് മാനിഫെസ്റ്റോ എന്ന പരിപാടിയിലാണ് ബല്‍റാമിന്റെ പരാമര്‍ശമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സി.പി.ഐ.എമ്മിന്റെ വലിയ ജനകീയ നേതാവായ ഇ.കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നത്. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ.കെ നായനാര്‍ നിലനില്‍ക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. ‘

നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇന്ന് (15/04/19) വൈകിട്ട് 4.30ന് ക്യാംപസ് മാനിഫെസ്റ്റോ ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യും.

ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വി.ടി ബല്‍റാം ഇ.കെ നായനാരെ പരാമര്‍ശിച്ചത്.

പാണക്കാട്ടെ തങ്ങളെ കണ്ടതിന് ശേഷം രമ്യ ഹരിദാസ് പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതൊടെ ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് തനിക്ക് പറയാനാവില്ല എന്നുമായിരുന്നു പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എ വിജയരാഘവന്‍ പറഞ്ഞത്.

എല്‍.ഡി.എഫിന് ചേരുന്ന കണ്‍വീനറാണ് വിജയരാഘവനെന്നും നായനാര്‍ പോലും സ്ത്രീവിരുദ്ധനാണെന്ന് പരിശോധിച്ചാല്‍ മനസിലാകും എന്നുമായിരുന്നു വി.ടി ബല്‍റാമിന്റെ പരാമര്‍ശം.

നേരത്തെ എ.കെ.ജി ‘ബാലപീഡകന്‍’ ആണെന്ന തരത്തില്‍ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 1947ല്‍ കോയമ്പത്തൂരില്‍ ജയിലില്‍ കഴിയുന്ന കാലത്ത് തന്നെ സന്ദര്‍ശിച്ച സുശീലയെപ്പറ്റി എ.കെ.ജി ആത്മകഥയില്‍ എഴുതിയ ഭാഗം ഉദ്ധരിച്ചതായിരുന്നു അന്ന് വിവാദമായത്.

‘കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ വന്നുകണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി’ എന്ന വാചകം ‘വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’ എന്ന് തെറ്റായി ഉദ്ധരിച്ചാണ് എ.കെ.ജിയെ അന്ന് ബല്‍റാം അധിക്ഷേപിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more