| Thursday, 14th March 2019, 6:02 pm

പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.

“വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട”. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്തയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബല്‍റാമിന്റെ പ്രതികരണം.

Read Also : വി.ടി ബല്‍റാം അറിഞ്ഞോ ? ടോം വടക്കന്‍ ബി.ജെ.പിയിലെത്തി !

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും ദേശസ്നേഹം കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്ന് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രസംഗിച്ചത്.

എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.

അതേസമയം വടക്കന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഒരു തവണ നിങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചത്. പുല്‍വാമ ആക്രമണത്തിന് മുന്‍പായിരുന്നു ടോം വടക്കന്റെ ഈ ട്വീറ്റ്.

രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. വ്യോമാക്രമണം 22 ലോക്‌സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ “വൃത്തികെട്ട രാഷ്ട്രീയം” എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

We use cookies to give you the best possible experience. Learn more