| Saturday, 24th December 2016, 5:38 pm

1...2...3 എന്നത് മാറ്റി 3...2...1... എന്ന് കൗണ്ട് ഡൗണ്‍ തുടങ്ങാറായോ; മണിയുടെ രാജിക്ക് കാത്ത് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്


1…2…3 എന്നത് മാറ്റി, 3…2…1… എന്ന് കൗണ്ട് ഡൗണ്‍ തുടങ്ങാറായോ എന്നാണ് ബല്‍റാമിന്റെ ചോദ്യം.


തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം.

1…2…3 എന്നത് മാറ്റി, 3…2…1… എന്ന് കൗണ്ട് ഡൗണ്‍ തുടങ്ങാറായോ എന്നാണ് ബല്‍റാമിന്റെ ചോദ്യം. നേരത്തെ ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജന്റെ രാജിക്ക് സാധ്യത നിലനില്‍ക്കെ, ഫസ്റ്റ് വിക്കറ്റ് വീണോ എന്ന് ബല്‍റാം ചോദിച്ചിരുന്നു. സമാന സംഭവത്തില്‍ മന്ത്രി എം.എം മണിയുടെ രാജി പരോക്ഷമായി ലക്ഷ്യം വെക്കുന്നതാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇതാ വീണ്ടുമൊരവസരമെന്നും ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. നേരത്തെ അഞ്ചേരി ബേബി വധക്കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ എം.എം മണി ഈ കേസില്‍ വിചാരണ നേരിടണം.


ഇതിനു പിന്നാലെ മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി വന്നതുകൊണ്ട് ഒരു രോമത്തിനു പോലും പ്രശ്‌നമില്ലെന്നായിരുന്നു എം.എം.മണിയുടെ പ്രതികരണം. പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍ പോകുവല്ലേ, തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫാണ്. തനിക്കെതിരെ കേസെടുത്തതില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടല്ലോ. ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. അത് താനെങ്ങനെ വിശ്വസിക്കുമെന്നും മണി ചോദിച്ചു.

1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പൊലീസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ ഇവരെ കോടതി വെറുതെ വിട്ടു. പിന്നീട് ഹൈക്കോടതിയും വിധി ശരിവെച്ചിരുന്നു. എന്നാല്‍ 2012ല്‍ എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സംഭവത്തില്‍ വീണ്ടും കേസ് എടുക്കുകയായിരുന്നു.


രാഷ്ട്രീയ എതിരാളികളെ അക്കമിട്ട് നിരത്തി കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ പ്രസംഗം. വിവാദ പ്രസംഗത്തില്‍ കഴമ്പില്ലെന്ന് കണ്ട് മണിയെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് മണി വിടുതല്‍ ഹര്‍ജി നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more