'പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?'; പി.മോഹനനെതിരെ കേസെടുക്കണമെന്നും വി.ടി ബല്‍റാം
Kerala News
'പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?'; പി.മോഹനനെതിരെ കേസെടുക്കണമെന്നും വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 2:17 pm

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ

മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ  മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

അത്തരത്തില്‍ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും വി.ടി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്‌ലിം സാന്നിധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സി.പി.ഐ.എം തന്നെയാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മുസ്‌ലിം നാമധാരികളായ രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്‌ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളതെന്നും വി.ടി ബല്‍റാം പറഞ്ഞു. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെന്നും അവരെ ആകര്‍ഷിച്ച പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണെന്നും വി.ടി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയത് സി.പി.ഐ.എം ആണെന്നും ഇത് മറയ്ക്കാന്‍ ആണ് പി.മോഹനന്റെ പ്രസ്താവനയെന്നും നേരത്തെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞിരുന്നു

മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു. താമരശ്ശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ ആയിരുന്നു പി.മോഹനന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നും പൊലീസ് ഈക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.

ഇസ്‌ലാമിസ്റ്റ് തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത്, അവരാണ് ഇതിനെ കൊണ്ടുനടക്കുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല. എന്‍.ഡി.എഫുകാര്‍ക്കും അതുപോലെ മറ്റുചില ഇസ്‌ലാമിക മതമൗലികവാദ ശക്തികള്‍ക്കുമെല്ലാം എന്തൊരു ആവേശമാണ്. പൊലീസ് പരിശോധിക്കേണ്ടത് പൊലീസ് പരിശോധിച്ചു കൊള്ളണമെന്നും പി.മോഹനന്‍ പറഞ്ഞിരുന്നു.

DoolNews Video