| Monday, 4th December 2017, 12:32 pm

എല്ലാ ദു:ഖത്തിലും കൂടെയുണ്ടാകും; പരിഹാരമുണ്ടാക്കാന്‍ വേണ്ടതെല്ലാം ചെയ്യും; പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ച് വി.എസ്

എഡിറ്റര്‍

തിരുവനന്തപുരം: പൂന്തുറയില്‍ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പൂന്തറയ്ക്ക് ശേഷം വി.എസ് വിഴിഞ്ഞവും സന്ദര്‍ശിച്ചു.

മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കഴിയുമോ അതെല്ലാം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു.

“നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കും”വി എസ് പറഞ്ഞു.


Dont Miss ദല്‍ഹി റെയില്‍വേസ്റ്റേഷനില്‍ സിഖ് യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാതെ രംഗം ക്യാമറയില്‍ പകര്‍ത്തി യാത്രക്കാര്‍


നേരത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കും നേരെ ജനങ്ങളുടെ പ്രതിഷേധമുണ്ടായിരുന്നു.

കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും തിരിച്ചുപോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനു പിന്നാലെ ആയിരുന്നു വി.എസിന്റെ സന്ദര്‍ശനം.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നിര്‍മലാ സീതാരാമനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് പിണറായി ആവശ്യമുന്നയിച്ചത്. കേരളത്തിന്റെ ആവശ്യം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കിട്ടിയശേഷം ദുരിതാശ്വാസ പാക്കേജ് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് 28 ന് തന്നെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വേണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളികള്‍ മതിയെന്ന് പറയുന്നതുവരെ തിരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും എല്ലാ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിലാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more