കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് 12:30 ഓടെയാണ് വി.എസ് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
തന്റെ മകനെ മാനേജ്‌മെന്റ് കൊന്നതാണെന്നും വി.എസിന്റ ഇടപെടല്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഞാന്‍ അച്ഛന് സമയാട്ടിണാണ് അദ്ദേഹത്തെ കണ്ടത്. അച്ഛനോട് പറയുന്നതുപോലെയാണ് ഞാന്‍ എല്ലാകാര്യവും അദ്ദേഹത്തോട് പറഞ്ഞത്. അദ്ദേഹം അത് കേള്‍ക്കുകയും ചെയ്തു- ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നു.
പ്രതികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് വി.എസ് പറഞ്ഞു. അറസ്റ്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുണമെന്നും വി.എസ് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വിഎസിന് കത്തുനല്‍കിയിട്ടുണ്ട്.
ഇനി ഒരു ജിഷ്ണു കേരളത്തില്‍ ഉണ്ടാകരുതെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജിഷ്ണുവിന്റെ വീടിന് സമീപത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടുകാരെ കാണാനെത്തിയിരുന്നില്ല.
ഇതില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിജ പിണറായി വിജയന് കത്ത് അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേസന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും കുടുംബം ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.