| Monday, 1st February 2016, 1:14 pm

ടി.പി ശ്രീനിവാസന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെന്ന വാദം തെറ്റെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണെന്ന മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന്റെ വാദം തെറ്റെന്ന് മാധ്യമപ്രവത്തകന്‍ വി.എസ് ശ്യാംലാല്‍.

അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ www.tspreenivasan.comന്റെ ഹോം പേജില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും താനടക്കമുള്ള കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതു തൊള്ളതൊടാതെ വിഴുങ്ങുകയായിരുന്നെന്നും ശ്യാം ലാല്‍ പറയുന്നു.

ഏതാനും ദിവസം മുമ്പാണ് സയ്യദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയില്‍ ഒരു കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥിരം പ്രതിനിധികളായിരുന്നവരുടെ പട്ടിക പരിശോധിച്ചിരുന്നു.

അതിലെങ്ങും ശ്രീനിവാസന്റെ പേര് കണ്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര, നമ്മുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരെല്ലാം ആ പദവി വഹിച്ചിരുന്നവരാണ്. പക്ഷേ, ടി.പി.ശ്രീനിവാസന്‍ എന്ന പേര് അതിലെങ്ങും കണ്ടില്ലെന്നും ശ്യാം ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

വളരെ സാങ്കേതികമായ ഒരു പദവി ഉപയോഗിച്ചാണ് ശ്രീനിവാസന്‍ നമ്മളെ പറ്റിക്കുന്നത്. വിയന്നയില്‍ ഉള്ളത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അല്ല. മറിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറാണ്. ഈ അംബാസഡറാണ് വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാവാനുള്ള എന്തു യോഗ്യതയാണ് ടി.പി.ശ്രീനിവാസനുള്ളതെന്ന സംശയം താന്‍ നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും ശ്യാം ലാല്‍ പോസ്റ്റില്‍ കുറിക്കുന്നു.

ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്നതാണോ യോഗ്യത? ഐ.എഫ്.എസ്. എന്നാല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ആണ്. അത് അക്കാദമിക ഭരണപരിചയമല്ല. ഈ അക്കാദമിക തസ്തികയ്ക്ക് ഒരു നിശ്ചിത കാലയളവ് പ്രൊഫസറായി ജോലി ചെയ്യണമെന്നും അക്കാദമിക ഭരണപരിചയമുണ്ടാവണമെന്നും യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കൈരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കൗണ്‍സിലിന്റെ അമരക്കാരന് വൈസ് ചാന്‍സലറാവാനുള്ള യോഗ്യത പോലുമില്ല. ശ്രീനിവാസന്റെ നിയമനത്തെ അന്നത്തെ യു.പി.എ. സര്‍ക്കാരിന്റെ തന്നെ മാനവശേഷി വികസന മന്ത്രാലയം എതിര്‍ത്തതായി കേട്ടിരുന്നു. എന്നാല്‍, പിന്നീട് ഉമ്മന്‍ചാണ്ടി ഇടപെട്ട് എല്ലാം ഒത്തുതീര്‍പ്പാക്കുകയായിരുനെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്യാം ലാല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more