'നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും'; കന്യാസ്ത്രീകളോട് പിന്തുണ ആവര്‍ത്തിച്ച് വി.എസ്
Nun abuse case
'നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും'; കന്യാസ്ത്രീകളോട് പിന്തുണ ആവര്‍ത്തിച്ച് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2018, 6:26 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ പിന്തുണ. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ചാണ് വി.എസ് പിന്തുണ ആവര്‍ത്തിച്ചത്.

“നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഫോണില്‍ പിന്തുണ അറിയിക്കുന്നത്.”

സമരപ്പന്തലില്‍ വായിക്കാന്‍ വി.എസ് സന്ദേശമയച്ചിട്ടുണ്ട്. നേരത്തെ കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത് ഗൗരവമേറിയ വിഷയമാണെന്ന് വി.എസ് പറഞ്ഞിരുന്നു.

ALSO READ:“ദല്‍ഹി സര്‍വകലാശാലയില്‍ നിങ്ങളെ എങ്ങനെയാണോ മര്‍ദ്ദിക്കുന്നത് അതേപോലെ ജെ.എന്‍.യുവിലും മര്‍ദ്ദിക്കും”; ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ വനിതാ നേതാവിനുനേരെ എ.ബി.വി.പി ആക്രമണം

അതേസമയം കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവെ പിന്തുണയേറി വരികയാണ്. നടി മഞ്ജുവാര്യര്‍ സമരത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കെ. അജിത, സാറാ ജോസഫ് എന്നിവരും ഇന്ന് സമരപന്തലിലെത്തിയിരുന്നു.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസന്വേഷണത്തില്‍ അസാധാരണമായ സാഹചര്യമില്ലെന്നും പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.