തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. സര്‍ക്കാര്‍ വിലക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞു.
‘തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്നു പറയുന്ന ആനയോട് യാതൊരു വിരോധവും സര്‍ക്കാറിനില്ല. അത് രണ്ടാളെ കൊന്നു എന്നു പറഞ്ഞിട്ട് റിപ്പോര്‍ട്ടു കൊടുത്തത് ഈ പറയുന്ന കമ്മിറ്റിക്കാര് തന്നെയാണ്. ഈ ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് മാത്രമേ വനംവകുപ്പ് പറഞ്ഞിട്ടുള്ളൂ. ‘ മന്ത്രി വിശദീകരിച്ചു.
‘തൃശൂര്‍ പൂരത്തിന് ആന ഇടഞ്ഞാല്‍ ആരാണ് ഉത്തരവാദിത്തം പറയേണ്ടി വരിക? ആ ആളുകള് തന്നെയായിരിക്കും ഈ കാര്യത്തിനും ഉത്തരവാദിത്തം പറയേണ്ടത്. ഇതിനുവേണ്ടി പ്രത്യേകം ഉത്തരവാദിത്തമില്ല. തൃശൂര്‍ പൂരത്തിന് 90 ആനകള്‍ വരുന്നുണ്ട്. ഈ ആനകളില്‍ ഏതെങ്കിലും ഇടഞ്ഞാല്‍ ആരാണ് ഉത്തരവാദിത്തം പറയുക. അവര് തന്നെ ഇതിന്റെ ഉത്തരവാദിത്തം പറയും.’ മന്ത്രി വ്യക്തമാക്കി.
ആനയെ നാളെ ഇറക്കണമെന്ന് കോടതി പറയുകയാണെങ്കില്‍ അതിനനുസരിച്ച ക്രമീകരണം സര്‍ക്കാര്‍ ഒരുക്കികൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
മെയ് 11 മുതല്‍ ഒരു ഉത്സവ ങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്. ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുംവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഉത്സവം എന്നത് നാടിന്റെ ആഘോഷമാണ്. അത് ആന ഉടമയ്ക്ക് കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല. ആനകളെ എഴുന്നള്ളിക്കുന്നത് കോടികള്‍ സമ്പാദിക്കുന്ന മാഫിയയാണ് എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഞങ്ങളെ യോഗത്തില്‍ വിളിച്ച് എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അപമാനിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്നും സംഘടന ആരോപിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം.
‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്കു രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞഥായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസിലായിട്ടുണ്ട്. അതു ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതുകാരണം സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിനു തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റക്കണ്ണുകൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചുകൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ‘ എന്നായിരുന്നു മന്ത്രിയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.
‘ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നും മന്ത്രി പറഞ്ഞിരുന്നു.