തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെയും ഏകപക്ഷീയമായും ഇത്തരം നിയമങ്ങള്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഈ നിയമങ്ങള്‍ പാസാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ കരിനിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ നമ്മള്‍ തയ്യാറല്ല എന്ന കാര്യം നേരത്തെ തന്നെ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളില്ലാതെ ലഭിക്കേണ്ട അര്‍ഹമായ ധനസഹായങ്ങള്‍ ലഭിക്കണമെങ്കില്‍ ഈ കരിനിയമങ്ങള്‍ നടപ്പാക്കിയേ തീരൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മാത്രവുമല്ല, കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് നിരന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നു സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ അമിത് ഷാമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.
വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.
എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി കൂടിവരുന്നതും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായതും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നാളെ ഏത് വിധത്തിലുള്ള പ്രശ്നപരിഹാരത്തിനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നതില്‍ വ്യക്തതയില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.
സിംഗു-തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. ജനവിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പാക്കിയതില്‍ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ മാപ്പുപറയണമെന്നും നിയമം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: VS Sunilkumar Farmers Protest