തൃശൂര്‍: സി.പി.ഐ.എമ്മുകാരെ സി.പി.ഐക്കാര്‍ കൊന്നിട്ടുണ്ടെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. സി.പി.ഐയുടെ 19 രക്തസാക്ഷികളില്‍ 12 പേരെയും കൊന്നത് സി.പി.ഐ.എം ആണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.[]
സി.പി.ഐ.എം കൊന്നെന്ന് പറയുന്നവരുടെ പേരുകള്‍ അക്കമിട്ട് നിരത്തിയാണ് സുനില്‍കുമാര്‍ തന്റെ വാദം അവതരിപ്പിച്ചത്. സി.പി.ഐക്കാരെ രാഷ്ട്രീയ കൊലപാതകികളായി ചിത്രീകരിക്കാനുള്ള പിണറായിയുടെ ശ്രമം ദുരൂഹമാണന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അന്തിക്കാട്ട് സി.പി.ഐക്കാര്‍ കൊന്നുവെന്ന് പിണറായി പറയുന്ന സുബ്രമഹ്ണ്യന്‍ സി.പി.ഐ.എമ്മുകാരനല്ല കോണ്‍ഗ്രസുകാരനാണ്. വല്ലവരും പറയുന്നതുകേട്ട് ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതുവിളിച്ചു പറയരുതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയെ കൊലപാതകികളായി ചിത്രീകരിച്ചല്ല സി.പി.ഐ.എം നിരപരാധിത്വം തെളിയിക്കേണ്ടത്. പി.ജയരാജന്‍ ക്രിമിനലാണോയെന്ന് സി.പി.ഐയല്ല കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിഭജനകാലത്ത് സി.പി.ഐ.എമ്മുകാരെ സി.പി.ഐക്കാര്‍ വെട്ടിക്കൊന്നെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുനില്‍കുമാര്‍ ഇങ്ങനെ പറഞ്ഞത്. നേരത്തെ പിണറായിക്ക് മറുപടിയുമായി സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു.
ആരെങ്കിലും പറയുന്നത് കേട്ട് പിണറായി പ്രതികരുക്കരുത് എന്നായിരുന്നു പിണറായിക്ക് പന്ന്യന്‍ മറുപടി നല്‍കിയത്. കൊലയാളികളുടെ തൊപ്പി സി.പി.ഐക്ക് ചാര്‍ത്തിത്തരരുതെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.