| Tuesday, 14th July 2020, 3:48 pm

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; സര്‍ക്കാര്‍ കണക്കില്‍ പിഴവ്; പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് വി.എസ് സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ചെല്ലാനത്ത് കഴിഞ്ഞ ദിവസം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വന്ന റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

ചെല്ലാനം പഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അതില്‍ കഴിഞ്ഞ ദിവസം മാത്രം 50 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതിക കാരണങ്ങളാല്‍ ആണ് ചെല്ലാനത്ത് സ്ഥിരീകരിച്ച 35 പേരുടെ കണക്ക് കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെല്ലാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കണക്കില്‍ പിഴവുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

‘കഴിഞ്ഞ ദിവസം യഥാര്‍ത്ഥത്തില്‍ 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പില്‍ നിന്ന് 35 പേരുടെ കണക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 എന്ന നിലയില്‍ പറഞ്ഞത്,’ മന്ത്രി പറഞ്ഞു.

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെട്ട സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ കൈമാറാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് അപ്പോള്‍ തന്നെ വേണ്ട ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്തില്‍ സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലെ സൈകാട്രി വിഭാഗം ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയം സ്വദേശിയായ ഡോക്ടര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.. ആശുപത്രി ജീവനക്കാരടക്കം നിരവധി പേര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ചെല്ലാനം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചിരുന്നു. തുടര്‍ന്ന് 72 ഓളം ജീവനക്കാരെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more