'മന്ത്രി സുനില്‍കുമാര്‍ പിണറായി വിജയന്റെ ഏജന്റ്'; യു.ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
Kerala
'മന്ത്രി സുനില്‍കുമാര്‍ പിണറായി വിജയന്റെ ഏജന്റ്'; യു.ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2018, 6:51 pm

കോട്ടയം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. യു.ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനവും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നു.

“മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തി. മുന്നണിസംവിധാനം സി.പി.ഐ.എമ്മിന് ആവശ്യമുള്ളപ്പോള്‍ മാത്രം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.”

അതേസമയം കെ.എം മാണിയെ എല്‍.ഡി.എഫിലെടുത്താല്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെപ്പോലുള്ള മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയെ വിശ്വസിക്കരുതെന്ന് 1980 ല്‍ത്തന്നെ ഇ.കെ.നായനാര്‍ പറഞ്ഞിട്ടുണ്ടെന്നും അതേനിലപാടാണ് സി.പി.ഐയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും അതിലാരും പരിഭവിച്ചിട്ട് കാര്യമില്ലെന്നും കാനം കൂട്ടിചേര്‍ത്തു.