| Wednesday, 8th July 2020, 1:34 pm

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ല: വി.എസ് സുനില്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണ്ണ മാകുമെന്നാണ് വിലയിരുത്തല്‍.

ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നല്‍കുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വര്‍ധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിനൊന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂള്‍ ടെസ്റ്റിംഗ് വഴി കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും.

സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more