കൊച്ചി: എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണ്ണ മാകുമെന്നാണ് വിലയിരുത്തല്‍.
ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നല്‍കുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വര്‍ധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിനൊന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.