| Tuesday, 24th May 2016, 10:15 am

ഭൂമാഫിയയെ അടിച്ചമര്‍ത്തും: യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കുമെന്ന് വി.എസ് സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരളത്തിലെ ഭൂമാഫിയയെ അടിച്ചമര്‍ത്തുമെന്ന് നിയുക്തമന്ത്രി വി.എസ് സുനില്‍കുമാര്‍.

തണ്ണീര്‍ത്തട നിയമഭേദഗതി പരിശോധിക്കുമെന്നും മെത്രാന്‍ കായല്‍ പോലുള്ള ഭൂമി പതിച്ചുനല്‍കല്‍ നടപടി ഇല്ലായ്മചെയ്യുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കും. ഇതില്‍ മെത്രാന്‍കായല്‍ നികത്തിയതുള്‍പ്പെടെ അന്വേഷിക്കും. എല്‍.ഡി.എഫ് ഉന്നയിച്ചത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ലെന്ന് തെളിയിക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

എന്നാല്‍ യു.ഡി.എഫ് എം.എല്‍.എമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെയാണ് അധികാരത്തിലേറുന്നത്. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

പത്തൊമ്പതംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. ഇ. ചന്ദ്രശേഖരന്‍ (കാസര്‍കോട്), വി.എസ്. സുനില്‍കുമാര്‍ (തൃശൂര്‍), പി. തിലോത്തമന്‍ (ആലപ്പുഴ), കെ. രാജു (കൊല്ലം) എന്നിവരാണ് സി.പി.ഐയില്‍നിന്ന് സഭയിലെത്തുന്നത്. ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി ഡപ്യൂട്ടി സ്പീക്കറാകും.

We use cookies to give you the best possible experience. Learn more