കാര്‍ഷിക നഷ്ടം: കെഞ്ചി പറഞ്ഞിട്ടും കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍
Kerala News
കാര്‍ഷിക നഷ്ടം: കെഞ്ചി പറഞ്ഞിട്ടും കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 8:25 pm

തൃശൂര്‍: സംസ്ഥാനത്തിനുണ്ടായ കാര്‍ഷിക നഷ്ടത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍.

കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാര്‍ഷിക നഷ്ടം പരിഹരിക്കാന്‍ ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.  നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. മാത്യഭൂമി ന്യൂസിനോടാണ് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രതികരണം

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ജന്മി-കുടിയാന്‍ ബന്ധമല്ല ഉള്ളത്. ചിലവഴിക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നതെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ഇത്തവണത്തെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. കഴിഞ്ഞദിവസം വരെ കാര്‍ഷികവിളകളുടെ നഷ്ടം മാത്രം 1200 കോടിയാണ്.

പലതവണ കേന്ദ്രത്തിന് മുന്നില്‍പോയി കെഞ്ചി പറഞ്ഞതാണ്. ഇതില്‍ ഇനി എന്തുപറയാനാണ്. അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രസര്‍ക്കാര്‍ ഒന്നും പ്രത്യേകമായി നല്‍കിയിട്ടില്ല.

രാജ്യത്തുനടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറല്‍ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ. ലോകമല്ലല്ലോ. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നീങ്ങേണ്ട സന്ദര്‍ഭമാണിതെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.