| Friday, 24th July 2020, 12:07 pm

ലോക്ഡൗണ്‍ അനിവാര്യമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍; ഐ.എം.എയുടെ വാദത്തിനെതിരെയും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. സമൂഹ വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാകണമെന്നും അതിന് ലോക്ക് ഡൗണ്‍ അനിവാര്യമാണെന്നുമാണ് തന്റെ നിലപാടെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ സംസ്ഥാന വ്യാപകമായി വേണോ പ്രാദേശികമായി വേണോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.

സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക്ക് ഡൗണ്‍ വേണ്ട എന്ന ഐ.എം.എ പ്രസിഡന്റിന്റെ പ്രസ്താവനയേയും മന്ത്രി തള്ളിക്കളഞ്ഞു.

സമൂഹവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട, പ്രാദേശിക ലോക്ക് ഡൗണ്‍ മതിയെന്നാണ് ഐ.എം.എ പറയുന്നത്. സമൂഹവ്യാപനം ഉണ്ടായി എന്നാണെങ്കില്‍ പിന്നെ പ്രാദേശിക ലോക്ക് ഡൗണ്‍ കൊണ്ടുള്ള ഗുണമെന്താണെന്നും മന്ത്രി ചോദിച്ചു.

നിലവില്‍ ലോക്ക് ഡൗണ്‍ വേണ്ടെന്നും അടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പരിഗണിക്കാമെന്നുമാണ് ഐ.എം.എ പറയുന്നത്. സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം എന്താണെന്നും മന്ത്രി ചോദിച്ചു.

എറണാകുളം ജില്ലയെ സംബന്ധിച്ച് ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആലുവ, കീഴ്മാട്, ചൂര്‍ണിക്കര തുടങ്ങിയ പഞ്ചായത്തുകളിലായി ലാര്‍ജ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുകയാണെന്നും ഇവിടെ ലോക്ക് ഡൗണും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മറ്റുപ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടെസ്റ്റുകളുടെ എണ്ണം ഇവിടെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏറെ വൃദ്ധസദനങ്ങളുള്ള ജില്ലയാണ് എറണാകുളം. ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാകാന്‍ സാധ്യതയുള്ള മേഖലയുമാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ വൃദ്ധസദനങ്ങള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more