| Monday, 5th January 2015, 5:26 pm

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി; വി.എസ് സുപ്രീം കോടതിയില്‍ സത്യവങ്മൂലം നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. പ്രതികള്‍ ബിനാമികളെ വച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വി.എസ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ കക്ഷിയായ അഡ്വ വി.കെ രാജു പ്രതികളുടെ ബിനാമിയാണെന്നും വി.എസ് ആരോപിക്കുന്നു.

കേസില്‍ നിന്നു പി. കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സാക്ഷികളെയും ജഡ്ജിമാരെയും സ്വാധീനിച്ചുവെന്ന കെ.എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2011 ജനുവരി 28നു പത്രസമ്മേളനത്തിലാണ് റഊഫ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ പിന്നീട് തെളിവില്ലെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.

താമരശേരി ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്.

1995-96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പെണ്‍വാണിഭം നടക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്ന് മുഖ്യമന്ത്രി എ.കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more