പണ്ട് ലൂയി പതിനാറാമന്റെ ഭാര്യ, ഭക്ഷണത്തിനു വേണ്ടി തെരുവിലിറങ്ങിയ ജനങ്ങളെ ചൂണ്ടി ചോദിച്ച അതേ ചോദ്യമാണ് പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങളെ ചൂണ്ടി മോദിയും ചോദിക്കുന്നത്. നൂറിന്റെയും അമ്പതിന്റെയും നോട്ടില്ലെങ്കിലെന്താ, ഇവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ചുകൂടേ എന്ന്!
സര്‍,
നമ്മുടെ സഹകരണ മേഖലയെ രക്ഷിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തെ ഞാന്‍ പിന്താങ്ങുകയാണ്.
അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി. രാജ്യം നല്‍കിയ മാന്‍ഡേറ്റ് ദുരുപയോഗം ചെയ്യുകയും ജനദ്രോഹ – വര്‍ഗീയ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്ത ബി.ജെ.പിയുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ദളിതരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും തല്ലിയൊതുക്കിയും കൊന്നൊടുക്കിയും ഹിന്ദു രാഷ്ട്രം പടുത്തുയര്‍ത്താമെന്ന മോഹത്തിന് രാജ്യമെങ്ങും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. ദളിതരുടെയും ആദിവാസികളുടെയും ചെറുത്തുനില്‍പ്പും പ്രതിഷേധവും ഒരു കൊടുങ്കാറ്റായി ഇന്ത്യയെങ്ങും വീശിയടിക്കുന്നത് ബി.ജെ.പി തീര്‍ച്ചയായും ആശങ്കയോടെയാണ് കാണുന്നത്.
ഇത്തരം പ്രതിഷേധങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളെല്ലാം ഒന്നിനു പറകെ ഒന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഒരു യുദ്ധാന്തരീക്ഷമുണ്ടാക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ യുദ്ധാന്തരീക്ഷത്തെ ആളുകള്‍ ഗൗരവത്തിലെടുക്കാന്‍ വേണ്ടി അതിനെ രാജ്യസ്‌നേഹവുമായി ബന്ധിപ്പിക്കുകയും ജനവികാരം ഇളക്കിവിടാന്‍ നോക്കുകയും ചെയ്തു.
അതോടൊപ്പം, ഈ അവസരം മുതലെടുത്ത് യുദ്ധസാമഗ്രികള്‍ വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു. പക്ഷെ, പൊതുവില്‍ ആളുകള്‍ പ്രകടിപ്പിച്ചത് യുദ്ധവിരുദ്ധ വികാരമായിരുന്നു.
ഇതിനിടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ബി.ജെ.പിക്ക് ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പില്‍ യഥേഷ്ടം ഒഴുക്കാന്‍ പണമുണ്ടാക്കുന്നതിന് ബി.ജെ.പി കണ്ടുപിടിച്ച പുതിയ മാര്‍ഗമായിരുന്നു, നോട്ട് പിന്‍വലിക്കല്‍.
സത്യത്തില്‍, ബി.ജെ.പി കരുതിയപോലെത്തന്നെ, രാജ്യസ്‌നേഹപരവും കള്ളപ്പണക്കാരോടുള്ള അമര്‍ഷത്തിലൂന്നിയതുമായ ഒരു വികാരം ഉണ്ടാക്കിയെടുക്കാന്‍ ആദ്യ മണിക്കൂറുകളില്‍ കഴിഞ്ഞു. അല്‍പ്പം കഷ്ടപ്പെട്ടിട്ടായാലും കള്ളപ്പണക്കാരെ ഒതുക്കാമല്ലോ എന്ന നിഷ്‌കളങ്ക പിന്തുണ നിലനില്‍ക്കുമെന്നാണ് ബി.ജെ.പി ധരിച്ചത്. ജെയ്റ്റ്‌ലി മുതല്‍ കുമ്മനം വരെ ഈ സ്വപ്നലോകത്ത് വിഹരിച്ചു.
Read more: കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ജനം ചവിട്ടിപുറത്താക്കും: വി.എസ് അച്യുതാനന്ദന്‍
ആദ്യ വിസ്‌ഫോടനത്തിന്റെ അല അടങ്ങി. കാര്യങ്ങള്‍ കുറെക്കൂടി തെളിഞ്ഞു വരാന്‍ തുടങ്ങി. ജനം കണ്ണ് തുറന്ന് കാണാനും, കാത് തുറന്ന് കേള്‍ക്കാനും നേരിട്ട് അനുഭവിക്കാനും തുടങ്ങി. വിവരമുള്ളവര്‍ കാര്യങ്ങള്‍ വിശദീകരിക്കാനുംകൂടി ആരംഭിച്ചപ്പോള്‍, സംഗതി കൈവിടുകയാണെന്ന് ബി.ജെ.പി നേതൃത്വത്തിനും ബോദ്ധ്യമായിത്തുടങ്ങി.
കള്ളപ്പണം എന്നത് മൂടിവെക്കപ്പെട്ട നോട്ടുകെട്ടുകളല്ല എന്നും, നിയമവിരുദ്ധമായോ, നികുതി വെട്ടിച്ചോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിച്ചു. അതായത്, മയക്കുമരുന്ന് വ്യാപാരംപോലുള്ള ബിസിനസ്സിലൂടെ ലാഭമുണ്ടാക്കുന്നതും, ആയത് മറച്ചുവെച്ച് നികുതിവെട്ടിക്കുന്നതും കള്ളപ്പണമാണ്.
ലാഭമുണ്ടാക്കുകതന്നെയാണ് കള്ള ബിസിനസ്സിലും വെള്ള ബിസിനസ്സിലും ചെയ്യുന്നത്. ആ ലാഭമുണ്ടാവുന്നത് പണം ചാക്കില്‍ കെട്ടിവെച്ചിട്ടല്ല, തുടര്‍ച്ചയായി വിനിമയം നടത്തിയിട്ടാണ്. അതിന് ബ്രേക്കിട്ടാല്‍ എല്ലാ സാമ്പത്തിക വിനിമയവും അവിടെ നില്‍ക്കും.
അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോവാതാവുന്നു. കര്‍ഷകര്‍ വിളവെടുക്കാതിരിക്കുന്നു. കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഇതൊന്നും കള്ളപ്പണ ബിസിനസ്സല്ലല്ലോ.
സര്‍, പണം സൂക്ഷിച്ചുവെച്ചാലാണ് താന്‍ ധനികനാവുക എന്നാണ് പിശുക്കന്‍ കരുതുന്നത്. പണം ഒഴുക്കിയാലാണ് താന്‍ ധനികനാവുക എന്നാണ് മുതലാളി കരുതുന്നത്. കള്ളപ്പണക്കാര്‍ പിശുക്കന്മാരല്ല, മുതലാളിമാരാണ്. ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് – ഉദാരണത്തിന്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന സമയത്ത് – മുതലാളിയുടെ കയ്യിലുള്ള നോട്ടുകള്‍ അയാള്‍ ബിസിനസ്സില്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന പണത്തിന്റെ എത്രയോ ചെറിയ ഒരംശം മാത്രമാണ്. അതുതന്നെ പിടച്ചെടുക്കാന്‍ ഈ സര്‍ക്കസ്സുകൊണ്ട് കഴിയുമോ? ഇല്ല. കാരണം, കള്ളപ്പണക്കാര്‍ ആ പണംപോലും വെളുപ്പിച്ചെടുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും.
അടുത്ത പേജില്‍ തുടരുന്നു
ഇതൊന്നും മുന്‍കൂട്ടി കാണാന്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ട് ഓരോ ദിവസവും ജനങ്ങള്‍ക്കു മുന്നില്‍ പുതിയ നിബന്ധനകള്‍ വെക്കുകയാണ് സര്‍ക്കാര്‍. ആദ്യം പറഞ്ഞത് നാലായിരം രൂപ മാറ്റിയെടുക്കാമെന്നാണ്. പിന്നെ അത് രണ്ടായിരമായി. അടുത്ത ദിവസം വിരലില്‍ അടയാളം വെക്കണമെന്നായി നിബന്ധന. ഈ കള്ളനും പോലീസും കളി ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഇതിപ്പോള്‍ ആദ്യമായിട്ടല്ലല്ലോ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. 1978ല്‍ 1000 രൂപ, 5000 രൂപ, 10,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായി. അന്നത്തെ ആയിരം എന്നൊക്കെ പറഞ്ഞാല്‍ അതൊരു ആയിരംതന്നെ ആയിരുന്നു. സാധാരണക്കാരൊന്നും അക്കാലത്ത് ആയിരത്തിന്റെ നോട്ടുകള്‍ ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ആ പിന്‍വലിക്കല്‍ സാധാരണക്കാരനെ ബാധിച്ചതുമില്ല. അന്ന് മൊത്തം കറന്‍സിയുടെ രണ്ട് ശതമാനം മാത്രമായിരുന്നു പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോഴാവട്ടെ, 86 ശതമാനം നോട്ടുകളും പിന്‍വലിച്ചിരിക്കുകയാണ്.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കീമോ തെറാപ്പി ചെയ്യുന്നതുപോലെ ഒന്നല്ല, കള്ളപ്പണ വേട്ടയ്ക്കായി നാട് കുട്ടിച്ചോറാക്കുന്നത്. പണംതന്നെ ഇല്ലാത്ത ഒരു വിനിമയകാലം വന്നേക്കാം. അത് പെട്ടെന്നൊരു ദിവസം ജനങ്ങളുടെ തലക്കു നേരെ തോക്ക് ചൂണ്ടി ഉണ്ടാക്കാവുന്ന ഒന്നല്ല എന്ന് ഭരണക്കാര്‍ തിരിച്ചറിയണം. നമ്മുടെ ഗ്രാമങ്ങളില്‍ കൂലി കൊടുക്കുന്നതും റേഷന്‍ വാങ്ങുന്നതും മീന്‍ വില്‍ക്കുന്നതുമൊന്നും ഓണ്‍ലൈന്‍ വഴിയോ, ചെക്ക് കൈമാറിയോ അല്ലല്ലോ. ഈ യാഥാര്‍ത്ഥ്യത്തിനു നേരെയാണ് ഭരണകൂടം മുഖംതിരിഞ്ഞു നില്‍ക്കുന്നത്.
കള്ളപ്പണക്കാരെ തൊടാന്‍ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോ? ശരിക്കുള്ള കള്ളപ്പണക്കാരില്‍ നാലുപേരെ പിടിച്ച് അകത്തിട്ടാല്‍ കാണാം കളി. അദാനിയെയോ, അംബാനിയെയോ പോലുള്ള വന്‍കിടക്കാരുമായുള്ള എല്ലാ ബിസിനസ് ബന്ധവും ഭരണനേതൃത്വം അവസാനിപ്പിക്കേണ്ടിവരും എന്നു മാത്രം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമിറക്കി കളിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുക, രാജ്യസ്‌നേഹപരമായ നടപടി എന്ന വ്യാജേന കയ്യടി നേടുക, കള്ളപ്പണം കുറെ പുറത്തുകൊണ്ടുവരിക എന്നൊക്കെയാവാം മോദി ചിന്തിച്ചത്. പക്ഷെ, പിന്‍വലിക്കപ്പെട്ടത് 86 ശതമാനം വരുന്ന കറന്‍സിയാണെന്നും, അത്രയും ബദല്‍ കറന്‍സികള്‍ ശേഖരിക്കപ്പെട്ടിട്ടില്ലെന്നും ആര്‍ക്കാണ് സാര്‍, ബോദ്ധ്യപ്പെടേണ്ടത്?
ഇതൊക്കെ ബോദ്ധ്യപ്പെടേണ്ട റിസര്‍വ്വ് ബാങ്ക് ഈ നീക്കങ്ങളൊന്നും അറിഞ്ഞില്ലെന്നാണോ, അതോ, പഴയ റിസര്‍വ്വ് ബാങ്കല്ല ഇന്നത്തെ റിസര്‍വ്വ് ബാങ്ക് എന്നാണോ നാം മനസ്സിലാക്കേണ്ടത്?
രണ്ടാഴ്ച്ചയായില്ലേ സര്‍, മോദിയുടെ ഭ്രാന്തന്‍ തീരുമാനം നിലവില്‍ വന്നിട്ട്? ഇതിനിടയില്‍ എത്ര പേരാണ് പണം മാറാന്‍ ക്യൂ നിന്ന് മരിച്ചത്? ഈ മനുഷ്യരെ മുഴുവന്‍ ക്യൂ നിര്‍ത്തുക വഴി എത്ര ദശലക്ഷക്കണക്കിന് തൊഴില്‍ ദിനങ്ങളാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്?
സര്‍, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കാര്‍ എന്താണ് പ്രചരിപ്പിച്ചത്? പ്രധാനമന്ത്രിക്കുപ്പായമിട്ട് മത്സരിക്കുന്ന മോദി ചായക്കടക്കാരനാണെന്നായിരുന്നു, പ്രചാരണം. എന്നിട്ട് അവര്‍ ചെയ്തതോ? ചായ്-പേ-ചര്‍ച്ച. അങ്ങനെ ചായ വിറ്റ് നടന്ന സാധാരണക്കാരനായ മോദി പ്രധാനമന്ത്രിയായക്കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് അംബാനിയുടെ ബ്രാന്‍ഡ് അംബാസഡറായത്? അതുപോലെ, ഇതേ അംബാനിയുടെ കീഴില്‍ പണിയെടുത്ത ആളല്ലേ, നമ്മുടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍?
Read more: നോട്ടു നിരോധനം കൊണ്ട് കളളപ്പണത്തെ ഒന്നും ചെയ്യാനാവില്ലെന്ന് ‘മോദിയുടെ ഉപദേശകന്‍’
പണ്ട് ലൂയി പതിനാറാമന്റെ ഭാര്യ, ഭക്ഷണത്തിനു വേണ്ടി തെരുവിലിറങ്ങിയ ജനങ്ങളെ ചൂണ്ടി ചോദിച്ച അതേ ചോദ്യമാണ് പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങളെ ചൂണ്ടി മോദിയും ചോദിക്കുന്നത്. നൂറിന്റെയും അമ്പതിന്റെയും നോട്ടില്ലെങ്കിലെന്താ, ഇവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ചുകൂടേ എന്ന്!
അദ്ദേഹത്തിന്റെ അടുത്ത അവകാശവാദം നോട്ട് പിന്‍വലിച്ചതിലൂടെ ഭീകരതയുടെ അടിവേരറുക്കും എന്നാണ്. ഇത് ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഇതിനകം സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പാറിപ്പറന്നേനെ.
അടുത്ത പേജില്‍ തുടരുന്നു
സര്‍, എന്തുകൊണ്ടാണ് നാമിവിടെ ഇങ്ങനെയൊരു പ്രത്യേക സമ്മേളനംതന്നെ ചേരുന്നത്? നോട്ട് നിരോധനം മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. സഹകരണമേഖല സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ അത്താണിയാണ്.
വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, കച്ചവടം, തൊഴില്‍ എന്നിങ്ങനെ സഹകരണ മേഖലയുടെ സാന്ത്വന സ്പര്‍ശം ഏല്‍ക്കാത്ത ഒരു രംഗവുമില്ല. വട്ടിപ്പലിശക്കാരില്‍നിന്ന് സാധാരണക്കാരനെ രക്ഷിക്കുന്നത് സഹകരണ മേഖലയാണ്. സഹകരണ രംഗത്തെ പണം ഇവിടെത്തന്നെയുള്ള ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഉപയോഗിക്കപ്പെടുന്നത്. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ സാധാരണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍കിട ബാങ്കുകള്‍ എന്തെങ്കിലം സഹായം ചെയ്യാറുണ്ടോ? അവര്‍ അംബാനിമാര്‍ക്കും വിജയ് മല്യമാര്‍ക്കും ഒക്കെയല്ലേ, പണം കൊടുക്കുന്നത്? സഹകരണ ബാങ്കുകള്‍ ആരുടെയെങ്കിലും വായ്പ എഴുതിത്തള്ളുന്നുണ്ടോ?
സഹകരണ ബാങ്കുകളെ കബളിപ്പിച്ച് ഏതെങ്കിലുമൊരാള്‍ രാജ്യം വിടുന്നുണ്ടോ? അവിടെയാണ് സര്‍, പ്രശ്‌നം. കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ചും സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുമാണ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് അസാധുവായ നോട്ടുകള്‍ മാറാനും നിക്ഷേപം സ്വീകരിക്കാനും സഹകരണ ബാങ്കുകളെ അനുവദിക്കാത്തത്? സഹകരണ ബാങ്കുകളോട് കാണിക്കുന്ന അയിത്തം പൂര്‍ണമായും സ്വകാര്യ മേഖലയിലുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളോട്‌പോലും കാട്ടുന്നില്ല എന്നും ഓര്‍ക്കണം.
ജനജീവിതത്തിന്റെ തുടിപ്പുകള്‍ നേരിട്ടറിയുന്ന പ്രതിനിധികളാണ് സഹകരണ ബാങ്കുകള്‍ നടത്തുന്നത്. ജനങ്ങളുടെ കൂട്ടായ്മയാണത്. അതായത്, സഹകരണ ബാങ്കുകള്‍ സാമൂഹ്യ നിയന്ത്രണത്തിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്, റിസര്‍വ്വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലെന്നു പറഞ്ഞ് സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
Also read: മോഹന്‍ലാലിനെതിരെ കൈതപ്രം
ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും അംബാനിയുടെയും മല്യയുടെയുമൊക്കെ ആയിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്നതില്‍ എന്തേ ഇക്കൂട്ടര്‍ക്ക് ഒരു വിഷമവും ഉണ്ടാകുന്നില്ല? സാധാരണക്കാരായ നമ്മളൊക്കെ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ച പണമാണ് മല്യക്കും മറ്റും എഴുതിത്തള്ളി നല്‍കുന്നത്. സഹകരണ മേഖലയോട് വിവേചനം കാട്ടുന്നതിലൂടെ കേരളത്തെ ആകെ തന്നെ തകര്‍ക്കാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. അതുകൊണ്ടല്ലേ കേരളത്തെ മൊത്തം ബാധിക്കുന്ന വിഷയമായിട്ടുപോലും ബിജെപിക്കാര്‍ ഇതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍നിന്ന് ഇറങ്ങിപ്പോവുന്നത്?
സഹകരണ സംഘങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ബിജെപിയുടെ തനിനിറം കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണ്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുഭാഷ് ദേശ് മുഖിന്റെ കാറില്‍നിന്ന് 92 ലക്ഷം രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്‌ളയിങ്ങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മന്ത്രി കുടുങ്ങിയത്.
സര്‍, നാട്ടുകാര്‍ അരി വാങ്ങാന്‍ കാശിനായി ബാങ്കിനു മുന്നില്‍ ക്യൂ നിന്ന് തലകറങ്ങി വീഴുമ്പോള്‍ കര്‍ണാടകയിലെ ഖനി മുതലാളിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിക്ക് നോട്ടുകെട്ടുകള്‍ ഒരു പ്രശ്‌നമേ ആയില്ല. തന്റെ മകളുടെ കല്യാണത്തിന് പൊട്ടിച്ചത് അഞ്ഞൂറ് കോടി രൂപ!
നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച കാലഘട്ടത്തില്‍, ബിജെപിയുടെ അക്കൗണ്ടില്‍ കുമിഞ്ഞു കൂടിയ പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കപ്പെടുന്നു. അപ്പോഴാണ്, നാട്ടിന്‍പുറത്തെ സാധാരണ സഹകരണ ബാങ്ക് കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിച്ച് സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഇത് കേരളത്തിന്റെ അഭിമാന പ്രശ്‌നമാണ്. ഒത്തിരി ചോരയും കണ്ണീരുമൊഴുക്കിയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തിയത്. അത് കേരളത്തിന്റെ ചോരയും പ്രാണനുമാണ്. അതിനെ ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ കേരളത്തെ ശ്വാസം മുട്ടിച്ച് കൊല്ലുക എന്നാണ് അര്‍ത്ഥം. അത് അനുവദിക്കാന്‍ പാടില്ല. ഇതിന് കൂട്ടുനില്‍ക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളീയര്‍ ചവിട്ടിപ്പുറത്താക്കും.
സര്‍, ഞാന്‍ അവസാനിപ്പിക്കുകയാണ്. കേരളത്തിന്റെ സഹകരണ മേഖലയെ രക്ഷിക്കാനും നിലനിര്‍ത്താനും സഹായകമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഈ സഭ ഏകകണ്ഠമായി പാസാക്കണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.