| Sunday, 16th December 2018, 12:36 pm

ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വീണ്ടും വി.എസിന്റെ കത്ത്; ശശിയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചവര്‍ക്കും വേദി പങ്കിട്ടവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷൊര്‍ണ്ണൂര്‍ എ.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയ്ക്ക് വീണ്ടും വി.എസിന്റെ കത്ത്. ശശിയ്‌ക്കെതിരെയും ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ വി.എസ് ആവശ്യപ്പെടുന്നു.

പി.കെ ശശിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തിന് നേരത്തെയും കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന ഘടകത്തെ ബന്ധപ്പെടുകയും തുടര്‍നടപടികളുണ്ടായതും.

സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ലെന്നും പാര്‍ട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും പുതിയ കത്തില്‍ വി.എസ് പറയുന്നു.

പി.കെ ശശിയെ ന്യായീകരിക്കുന്ന തരത്തിലുള്ള സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നതും.

പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്. ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്‍പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി.

പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more