[]തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണെ തത്സ്ഥാനത്തുനിന്നും മാറ്റി ഐ.എ.എസ് ശീതസമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്നും വി.എസ് പറഞ്ഞു.
തന്റെ കുടുംബത്തിന്റെ സ്വത്തുവിവരം ഭരത് ഭൂഷണ്‍ സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ച കാര്യം പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതിന്റെ ധാരാളം തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണം.
സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ രേഖാമൂലം നല്‍കിയ സ്വത്തു വിവരത്തില്‍ ഭാര്യയുടെയും സ്വന്തം പേര്‍ക്കുമുള്ള കൊച്ചിയിലെയും ഡല്‍ഹി നോയിഡായിലേയും കോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റും വീടും സംബന്ധിച്ച വിവരം മറച്ചുവെച്ചു.
2011ല്‍ കേന്ദ്ര പേഴ്‌സണല്‍ വകുപ്പിന് നല്‍കിയ സ്വത്തുവിവരത്തില്‍ തിരുവനന്തപുരം കവടിയാറുള്ള 10 സെന്റ് സ്ഥലത്തിനും വീടിനും പുറമെ ഗ്രേറ്റ് നോയിഡയിലെ സ്വന്തം പേരിലുള്ള വീടിന്റെ വിവരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ 2012 ലെ സ്വത്തുവിവര സ്‌റ്റേറ്റ്‌മെന്റില്‍ നോയിഡയിലെ സ്വത്തുവിവരം പൂര്‍ണ്ണമായും മറച്ചുവച്ചു. ഇത് അതീവ ഗുരുതരമായ സര്‍വീസ് ചട്ടലംഘനമാണ്.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോര്‍വിളി നടത്തുകയാണെന്നും അവിഹിതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനാലാണ് തമ്മിലടി നടക്കുന്നതെന്നും വി.എസ് നേരത്തെ നിയമസഭയില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഒരു വഴിക്കും മറ്റുള്ളവര്‍ മറ്റൊരു വഴിക്കും പോവുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
ചീഫ് സെക്രട്ടറി റിസോര്‍ട്ട് മാഫിയയുടെ ആളാണെന്ന് രാജു നാരായണസ്വാമി ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്. മൂന്നാര്‍ ദൗത്യകാലത്ത് ഭരത് ഭൂഷണ്‍ ചില റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു ചെവിക്കൊള്ളാത്തതിനാലാണ് തന്നെ ദ്രോഹിക്കുന്നതെന്നാണ് രാജു നാരായണസ്വാമിയുടെ കത്തിലെ ആരോപണം.
നേരത്തെയും ചീഫ് സെക്രട്ടറിക്കെതിരെ ടോം ജോസഫ് അടക്കമുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറി അനാവശ്യ നടപടികള്‍ കൈക്കൊള്ളുവെന്നും സ്ഥാനക്കയറ്റങ്ങള്‍ നിഷേധിക്കുന്നും മറ്റുമായിരുന്നു ആരോപണങ്ങള്‍.
രാജു നാരായണസ്വാമിയുടെ വിദേശയാത്രകള്‍ സംബന്ധിച്ചും ടോം ജോസഫിന്റെ പണമിടപാട് സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ഭരത്ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.