തിരുവനന്തപുരം: പാചകവാതകത്തിന് മൂന്നര രൂപയിലേറെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ മറ്റൊരു ഇരുട്ടടിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് ദ്രോഹകരമായ ഈ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
പ്രസംഗങ്ങളും പ്രസ്താവനകളും നടത്തി ജനങ്ങളെ മയക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി പ്രവൃത്തികളിലും നടപടികളിലും അങ്ങേയറ്റം ജനദ്രോഹനയമാണ് പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹനയങ്ങള്‍ കുറെക്കൂടി കൗശലപൂര്‍വ്വം ശക്തമായി നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുകില്ലെന്ന് ആദ്യം പറഞ്ഞ മോദി പിന്നീട് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ എന്ന് പുറമെ നല്ലതെന്ന് തോന്നുന്ന നടപടിയെടുത്തു. എന്നിട്ട് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് വീണ്ടും നടപ്പാക്കി സബ്‌സിഡികള്‍ ബാങ്ക് വഴിയാക്കാന്‍ നീക്കമാരംഭിച്ചിരിക്കുകയാണ്. ഇത് ഫലത്തില്‍ നേരത്തെ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ കാര്‍ഡിന്റെ ആവര്‍ത്തനം തന്നെയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
നേരത്തെ യു.പി.എ ഗവണ്‍മെന്റ് പെട്രോള്‍ വില നിയന്ത്രണം മാത്രമായിരുന്നു എടുത്തുകളഞ്ഞതെങ്കില്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം കൂടി എടുത്തുകളഞ്ഞ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ഘട്ടംഘട്ടമായി സബ്‌സിഡികള്‍ ഇല്ലാതാക്കുക എന്ന യു.പി.എ സര്‍ക്കാരിന്റെ നയം കൂടുതല്‍ കൗശലത്തോടെ ശീഘ്രഗതിയില്‍ നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. ഇങ്ങനെ ജനദ്രോഹനടപടികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും കടത്തിവെട്ടുകയാണ് മോദി ചെയ്യുന്നത്. ഇതിനെതിരെ വമ്പിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും വി.എസ്. ആവശ്യപ്പെട്ടു.