| Saturday, 26th November 2016, 9:00 am

ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാമ്രാജ്യത്വ ശക്തികള്‍ പലരൂപത്തില്‍ തകര്‍ത്താടുന്ന ഈ കാലത്ത് ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദന്‍.

സാമ്രാജ്യത്വ ശക്തികള്‍ പലരൂപത്തില്‍ തകര്‍ത്താടുന്ന ഈ കാലത്ത് ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം അസ്തമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിദല്‍ കാസ്‌ട്രോ അര നൂറ്റാണ്ടുകാലം ലോകത്തെ മനുഷ്യ മോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും പകര്‍ന്നു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടുവെന്നും വി.എസ് പ്രസ്താവനയില്‍ പറയുന്നു.

ചെഗുവേര അകാലത്തില്‍ വേര്‍പിരിഞ്ഞുവെങ്കില്‍ കാസ്‌ട്രോ തന്റെ കര്‍മകാണ്ഡം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിടവാങ്ങിയത്. ആരോഗ്യ  സാമൂഹിക രംഗങ്ങളില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയ്ക്ക് കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ കൗശലങ്ങളെ അദ്ദേഹം ചെറുത്ത് തോല്‍പ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്തിന് മുന്നില്‍ അദ്ദേഹം ഒരുകാലത്തും മുട്ടുമടക്കിയില്ലെന്നും വി.എസ് അനുസ്മരിച്ചു.

ഏറെ നാളായി രോഗബാധിതനായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ മരണ വിവരം സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് ഇന്ന് പുറത്തുവിട്ടത്.

We use cookies to give you the best possible experience. Learn more