തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഉത്തരവാദികളെ ഏറ്റവും വേഗം പിടികൂടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ അവരുടെ ഉന്നതതലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഭീകര ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിലടക്കം സംഘപരിവാറിന്റേതില്‍ നിന്ന് വ്യത്യസ്തമായ സ്വതന്ത്ര നിലപാടാണ് സ്വാമി സന്ദീപാനന്ദ സ്വീകരിച്ചത്. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പോലും ഉന്മൂലനം ചെയ്യുന്ന ആര്‍.എസ്.എസ്- സംഘപരിവാറിന്റെ ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഈ ആക്രമണം.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ കലാപം ഇളക്കി വിടാന്‍ ആര്‍.എസ്.എസും, അതിന്റെ പരിവാര്‍ സംഘടനകളും ചേര്‍ന്ന് ഗൂഢനീക്കം നടത്തി വരികയാണ്. ഇത് മുന്നില്‍ കണ്ട്, സംസ്ഥാനത്തെ പോലീസ് ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തിന് നേരെയുണ്ടായ ഈ ഭീകര ആക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ച്ചയുണ്ടായോ എന്നുകൂടി ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കലാപാസൂത്രണം സംഘപരിവാര്‍ ശക്തികള്‍ ചേര്‍ന്ന് നടത്തിവരികയാണ്. അവരുടെ മേലാള്‍ ശനിയാഴ്ച്ച കേരളത്തില്‍ എത്തുന്നത് പ്രമാണിച്ച്, തങ്ങള്‍ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങി എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ ദിവസം തന്നെ ആക്രമണത്തിന് നിശ്ചയിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും, ഇത്തരം ശക്തികളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിന് നേരെ ആക്രമണം നടന്നത്.
Also Read:അമിത് ഷായെ സന്തോഷിപ്പിക്കാനാണ് സന്ദീപാനന്ദ ഗിരിക്ക് നേരെ ആക്രമണം നടത്തിയത്: എ.കെ ബാലന്‍
അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.
സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.
ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.