വി.എസ് പ്രതിയായ ഭൂമിദാനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
Kerala
വി.എസ് പ്രതിയായ ഭൂമിദാനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th March 2014, 1:00 pm

[share]

[]ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ബന്ധു ടി.കെ സോമന് അനധികൃതമായി ഭൂമിദാനം ചെയ്തുവെന്ന കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി.

കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്സിന്റെ ബന്ധു ടി.കെ സോമനും വി.എസ്സിന്റെ മുന്‍ പി.എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമംലംഘിച്ച് കാസര്‍കോട്ട് 2.33 ഏക്കര്‍ ഭൂമി ദാനം ചെയ്‌തെന്നാണ് കേസ്. പിന്നീട് ഇതിന് അനധികൃതമായി വില്‍പ്പനാവകാശം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു.

വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വി.എസിനെ പ്രതിയാക്കി യു.ഡി.എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. അച്യൂതാന്ദന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഷീലാ തോമസ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുരളീധരന്‍, വി.എസിന്റെ ബന്ധുവായ വിമുക്ത ഭടന്‍ സോമന് ഭൂമി നല്‍കി ഉത്തരവിടുമ്പോള്‍ കാസര്‍കോട് കളക്ടറായിരുന്ന ആനന്ദ് സിങ് എന്നിവരെ കേസില്‍നിന്ന് ഒഴിവാക്കി.

കേസില്‍ വി.എസ് ഒന്നാം പ്രതിയും റവന്യൂ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രന്‍ രണ്ടാം പ്രതിയുമാണ്.