| Tuesday, 30th December 2014, 11:28 am

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വി.എസിന് പങ്കുണ്ടെന്ന് പളനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് സി.പി.ഐ.എം നേതാവ് ടി.കെ പളനി. സംഭവത്തിലെ വി.എസിന്റെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പളനി ആവശ്യപ്പെട്ടു.

വി.എസിന് എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാമായിരുന്നെന്നും പളനി പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരില്‍ ടി.കെ പളനിയും ഉണ്ടായിരുന്നെന്ന വി.എസിന്റെ ആരോപണത്തോട് പ്രതികരിക്കുകായായിരുന്നു അദ്ദേഹം.

“പി. കൃഷ്ണപിള്ളയുടെ സ്മാരണം തകര്‍ക്കാന്‍ വി.എസ് ആരെയെങ്കിലും പ്രേരിപ്പിക്കുമെന്നോ അദ്ദേഹത്തിന് അങ്ങനെ ഒരു മനോഭാവം ഉണ്ടാകുമെന്നോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ എനിക്ക് ഉറപ്പായും തോന്നുന്നത് വി.എസ് കൂടി അറിഞ്ഞുകൊണ്ടാണ് സ്മാരകം തകര്‍ക്കപ്പെട്ടത് എന്നാണ്” പളനി പറഞ്ഞു.

ആരോപണം ഉന്നയിച്ചവര്‍ തെളിവ് ഹാജരാക്കട്ടെയെന്നും തനിക്കെതിരെ ആരോപണമുന്നയിച്ച വി.എസിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും പളനി വ്യക്തമാക്കി. പാര്‍ട്ടി കമ്മീഷനെ വച്ച് സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തണമെന്നാണ് തന്റെ ആവശ്യമെന്നും പളനി കൂട്ടിച്ചേര്‍ത്തു.

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ തന്നെ 1996 ല്‍ മാരാരിക്കുളത്ത് തോല്‍പ്പിച്ച ഒറ്റുകാരനാണെന്ന് വി.എസ് പറഞ്ഞിരുന്നു. തന്നെ തോല്‍പ്പിച്ചതില്‍ ടി.കെ പളനിക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിക്കാണ്  പോകുന്നത് എന്നാണ് തന്റെ ധാരണ മുഴുവന്‍ എന്ന് ടി.കെ പളനി ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിക്കുള്ളതാണെന്നാണ് എന്റെ ധാരണ മുഴുവനും: ടി.കെ പളനി

We use cookies to give you the best possible experience. Learn more