തിരുവനന്തപുരം: ജനശക്തി ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെയും അതുമായി ബന്ധപ്പെട്ടുവന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ഈ വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
“ഞാനുമായി നടത്തിയ അഭിമുഖമെന്നു പറഞ്ഞ് ഒരു ദ്വൈവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങള്‍ ചില മാദ്ധ്യമങ്ങളില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ സി.പി.ഐ.എമ്മിനെ കരിവാരിത്തേയ്ക്കാനും തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. ഈ കള്ളപ്രചാരവേല ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണം. പാര്‍ട്ടി സംസ്ഥാന നേതൃത്വവും താനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ പാഴ് വേല.” വി.എസ് വ്യക്തമാക്കി.
സി.പി.ഐ.എം. വിമതരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായി അറിയപ്പെടുന്ന “ജനശക്തി”യില്‍ പ്രസിദ്ധീകരിച്ചുവന്ന വി.എസിന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പാര്‍ട്ടിനേതൃത്വം വരുത്തിയ തെറ്റുകള്‍ മൂലം ഇടതുപക്ഷത്തിന് ക്ഷീണമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തിരുത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുമാണ് ജനശക്തി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വി.എസ് പറയുന്നത്.
വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുചേരാന്‍ നേതാക്കളില്‍ ചിലര്‍ ശ്രമിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പുകളില്‍ തോല്‍വി പറ്റിയിട്ടുണ്ട്. വര്‍ഗീയപാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ലെന്ന കമ്മ്യൂണിസ്റ്റ്ധാരണയ്ക്ക് വിരുദ്ധമായി, മദനിയെപ്പോലെയുള്ളവരുടെ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മതേതര ജനവിഭാഗങ്ങളുടെ എതിര്‍പ്പുണ്ടായി. ഇതു തോല്‍വിക്ക് കാരണമായി.
അതുപോലെ 2006ലെയും 2011ലെയും തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിയിലെ ചിലര്‍ വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിനേതൃത്വത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലെന്നും വി.എസ്. പറയുന്നു.
ജനശക്തിയിലെ ഈ അഭിമുഖത്തിനെതിരെ സി.പി.ഐ.എം നേതൃത്വം രംഗത്തുവന്നിരുന്നു. വി.എസിന്റെ അഭിമുഖത്തെക്കുറിച്ച് പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. ജനശക്തി പാര്‍ട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.