മണി പറഞ്ഞത് തെറ്റ്; ടാറ്റ കൈയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ ശക്തമായി എതിര്‍ക്കും: വി.എസ്
Kerala
മണി പറഞ്ഞത് തെറ്റ്; ടാറ്റ കൈയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ ശക്തമായി എതിര്‍ക്കും: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2017, 7:47 pm

 

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി എം.എം മണിയ്‌ക്കെതിരെ ഭരണപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മണി പറഞ്ഞത് തെറ്റാണെന്നും ടാറ്റയുടെ ഭൂമി തിരിച്ച് പിടിക്കേണ്ടത് തന്നെയാണെന്നും വി.എസ് പറഞ്ഞു.


Also read ഐസിസ് അനുകൂല സംഘടന മോദിയുടെ റാലിയില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതി ഇട്ടിരുന്നെന്ന് എന്‍.ഐ.എ 


ടാറ്റയുടെ കയ്യേറ്റത്തിനെതിരെ തന്നെയുള്‍പ്പെടെയുള്ളവരെ സമരരംഗത്തെത്തിച്ച വി.എസ് ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നായിരുന്നു എം.എം മണി ആരോപിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി കാട്ടുന്ന മര്യാദ പോലും വി.എസ് ഇപ്പോള്‍ കാട്ടുന്നില്ലെന്നും മണി പറഞ്ഞിരുന്നു. 50000 ഏക്കര്‍ കയ്യേറ്റ ഭൂമി ടാറ്റയ്ക്കുണ്ടെന്ന് പറഞ്ഞ വി.എസ് പിന്നീട് ഒന്നും പറഞ്ഞില്ലെന്നും മണി കുറ്റപ്പെടുത്തിയിരുന്നു.

മണിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച വി.എസ് മണിയുടെ അഭിപ്രായങ്ങളെ തള്ളിക്കളയുകയായിരുന്നു. മൂന്നാര്‍ വിഷയത്തില്‍ മണി പറഞ്ഞത് തെറ്റാണ്. ടാറ്റയുടെ കൈയ്യേറ്റം പൊളിച്ചില്ലെങ്കില്‍ ഇനിയും ശക്തമായി പ്രതികരിക്കും. കാലതാമസം കൂടാതെ ടാറ്റ ഭൂമി തിരിച്ച പിടിക്കുക തന്നെയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു. വീണ്ടെടുക്കുന്ന ഭൂമിയില്‍ സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കുകയും പതിച്ച് നല്‍കേണ്ടത് പതിച്ച നല്‍കുകയും വേണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കുകയും പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം. ഇതിനായി റവന്യൂ, പൊലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും വി.എസ് നിര്‍ദേശിച്ചു.