മാവോയിസ്റ്റുകളെ തിരുത്തുകയാണ് വേണ്ടത്; അല്ലാതെ വെടിവെച്ചുകൊല്ലുകയല്ല : മാവോയിസ്റ്റ് വേട്ടക്കെതിരെ വീണ്ടും വി.എസ്
Daily News
മാവോയിസ്റ്റുകളെ തിരുത്തുകയാണ് വേണ്ടത്; അല്ലാതെ വെടിവെച്ചുകൊല്ലുകയല്ല : മാവോയിസ്റ്റ് വേട്ടക്കെതിരെ വീണ്ടും വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2016, 2:33 pm

നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചു കൊന്നത് തെറ്റായിപ്പോയി എന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു.


തിരുവനന്തപുരം: നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടക്കെതിരെ നിലപാട് ശക്തമാക്കി സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

മാവോയിസ്റ്റുകളെ തിരുത്തുകയാണ് വേണ്ടതെന്നും അല്ലാതെ വെടിവെച്ചുകൊല്ലുകയല്ല വേണ്ടതെന്നും വി.എസ് പറഞ്ഞു.

നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചു കൊന്നത് തെറ്റായിപ്പോയി എന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു.


മാവോവാദി ഏറ്റുമുട്ടല്‍ കൊല വ്യാജമെങ്കില്‍ നടപടി വേണമെന്നും  പോലിസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇത് ആവശ്യപ്പെടുന്നതെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.

തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലരുത്, ചര്‍ച്ചയാണ് വേണ്ടത്. ഇക്കാര്യം സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചിരുന്നു.

്അതേസമയം നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ  ഏറ്റുമുട്ടലിലെന്ന കാര്യം സാധൂകരിക്കുന്നതായിരുന്നു കൊല്ലപ്പെട്ട സി.പി.ഐ മവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.


അടുത്ത് നിര്‍ത്തിയോ കിടത്തിയോ ആണ് ദേവരാജിന് വെടിയേറ്റതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നത്. ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായാണ്  വെടിയേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഭാഗത്ത് അഞ്ചും പിന്‍ഭാഗത്ത് നാലും വെടിയുണ്ടകളേറ്റു.  ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതല്‍ പൊലീസ് വാദം. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിഭാഷകനടക്കം രംഗത്തെത്തിയതിനു പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം  റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തില്‍ നടന്ന പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.

അതേസമയം നിലമ്പൂര്‍ വെടിവെയ്പിനെ സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറോടാണ് സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഡി.ജി.പി യുടെ ഉത്തരവു പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചു വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെതിരെ വന്‍പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും ഉയരുന്നത്.