തിരുവനന്തപുരം: പൊതു ഉടമസ്ഥതയിലുള്ള ഭൂമി കൈയേറുന്നത് പതിവായിരിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മടിയില്‍ കനമുള്ളവന്‍ കൈയേറ്റം സാധൂകരിക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്‌റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ഗതാഗത മന്ത്രി തോമസ് ചാണ്ടി, പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയവരുടെ കൈയേറ്റം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വി.എസിന്റെ പരാമര്‍ശം. തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കണമെന്ന് ഇന്നലെ വി.എസ് അഭിപ്രായപ്പെട്ടിരുന്നു.
തീവ്രഹിന്ദുത്വം പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് ഭീകരന്‍മാരുടെ പിണിയാളുകള്‍കളായി മാറിയിരിക്കുകയാണ്. രാജ്യത്തെ സാമാജ്ര്യത്വത്തിന് അടിയറവെക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യന്‍ കാര്‍ഷികമേഖലയേയും ഫെഡറല്‍ സംവിധാനത്തേയും തകര്‍ക്കുന്നതാണ് ജി.എസ്.ടി. ഇന്ത്യന്‍ ജനതയുടെ സ്വകാര്യതയേയും അടിയാധാരത്തേയും വരെ ആധാറില്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ്.”
സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു നെഹ്‌റുവെന്നും മുതലാളിത്തത്തിന് ബദലായി ശാസ്ത്രീയ സോഷ്യലിസം എന്ന കാഴ്ചപ്പാടാണ് നെഹ്‌റുവിന് ഉണ്ടായിരുന്നതെന്നും വി.എസ് അഭിപ്രായപ്പെട്ടു. എന്നാല്‍ നെഹ്‌റുവിന്റെ പിന്മുറക്കാര്‍ ആ പാതയില്‍ നിന്നും വ്യതിചലിച്ചെന്നും വി.എസ് പറഞ്ഞു.