| Friday, 26th May 2017, 8:08 pm

'മോദി ഹിന്ദു രാഷ്ട്രത്തിന്റെ രാജാവോ ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയോ അല്ല'; കന്നുകാലി കശാപ്പു നിരോധനത്തെ എന്തു വില കൊടുത്തും ചെറുക്കണമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരെ സംസ്ഥാന ഭരണപരിഷ്ഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കന്നുകാലികളുടെ വില്‍പ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ വേണമെന്നും വി.എസ് പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യപൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ദൈവത്തെ പൂജ നടത്തി പ്രസാദിപ്പിക്കാം പക്ഷെ, ഭാര്യയെ പ്രസാദിപ്പിക്കാന്‍ മാത്രം നടക്കില്ല സാറേ!!; സച്ചിന്റെ സിനിമയ്ക്ക് വരാതെ സെവാഗ് മുങ്ങിയത് എങ്ങോട്ട് 


കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ കാലികളെ വളര്‍ത്തുന്നത്. ഭക്ഷണത്തിനും തുകലിനും യാത്രക്കുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആവശ്യങ്ങള്‍ക്കെല്ലാം കാലികളെ കൈമാറ്റം ചെയ്യുകയും വേണ്ടിവരും. കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസ്സിലാക്കി ഈ വിജ്ഞാപനം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പൗരന്റെ അവകാശത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ മേല്‍ സംഘപരിവാര്‍ തങ്ങളുടെ ആഗ്രഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരോധന നീക്കം ജനാധിപത്യ രാഷ്ട്രത്തിനോ ജനാധിപത്യ സംവിധാനത്തിനോ ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ആര്‍.എസ്.എസിന്റെ കീഴില്‍ രാജ്യം അത്യന്തം അപകടകരമായ നിലയിലേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ സംഭവിക്കുന്ന ആപത്തിന്റെ തെളിവാണ് കന്നുകാലി കശാപ്പ് നിരോധനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


Don”t Miss: ‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; നാളെ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍


നേരത്തെ, തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൗരവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more