| Thursday, 6th September 2018, 10:59 am

പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം; സ്ത്രീകളുടെ വിഷയമായതുകൊണ്ട് ശക്തമായ നടപടിയുണ്ടാകുമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഇതിനെ കുറിച്ച് പഠിച്ച ശേഷം നടപടിയുണ്ടാകും. സ്ത്രീകളുടെ വിഷയമായതുകൊണ്ട് തന്നെ ശക്തമായ നടപടി പ്രതീക്ഷിക്കാമെന്നും വി.എസ് പ്രതികരിച്ചു. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.

പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നു സംസ്ഥാന വനിതാകമ്മീഷന്‍ പ്രതികരിച്ചിരുന്നു. പരാതി ലഭിക്കാതെ നടപടിയെക്കാനാവില്ലെന്നായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ പ്രതികരണം.

പി.കെ. ശശിക്കെതിരെ പരാതിയുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പറഞ്ഞിരുന്നു.. ഇതു ലൈംഗിക പീഡനപരാതിയാണോയെന്ന് അറിയില്ല. ശശിക്കെതിരെ ഗൂഡാലോചനയുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. വിശ്വാസം ഉള്ളതിനാലാവാം യുവതി പാര്‍ട്ടിക്കു പരാതി നല്‍കിയതെന്നും രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


പാര്‍ട്ടിയും സഹോദരനെപ്പോലെ കരുതിയ നേതാവും ചതിച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍


ശശിക്കെതിരെ പരാതികിട്ടിയതായി സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥിരീകരിച്ചിരുന്നു. മൂന്നാഴ്ചമുമ്പാണ് പരാതികിട്ടിയതെന്ന് കോടിയേരിയും കഴിഞ്ഞ തിങ്കളാഴ്ചയാണ് തനിക്ക് പരാതി കിട്ടിയതെന്ന് യെച്ചൂരിയും പറഞ്ഞിരുന്നു.

സി.പി.ഐ.എം. മണ്ണാര്‍ക്കാട് മുന്‍ ഏരിയാ സെക്രട്ടറികൂടിയാണ് ശശി. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍െവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. എം.എല്‍.എ.യെ പേടിച്ച് പാര്‍ട്ടി ഓഫീസില്‍ ഇരിക്കാനാകുന്നില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞമാസം ആദ്യമാണ് യുവതി വിഷയം സംസ്ഥാന സെക്രട്ടറിയുടെയും പാലക്കാട് ജില്ലാ സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയില്‍നിന്നുള്ള സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍ക്ക് പരാതിയുടെ പകര്‍പ്പും നല്‍കി. ഓഗസ്റ്റ് രണ്ടാംവാരം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനോടും ഇക്കാര്യം പറഞ്ഞു.

നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം യെച്ചൂരിക്ക് പരാതി കൈമാറി. ഇതോടെയാണ് കേന്ദ്രനേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് അന്വേഷിക്കാന്‍ യെച്ചൂരി കോടിയേരിയോട് ആവശ്യപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more