| Wednesday, 10th January 2018, 10:34 am

ഐ.എച്ച്.ആര്‍.ഡി നിയമന കേസ്; വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം പ്രത്യേക കോടതിയാണ് അരുണ്‍കുമാറിനെ കേസില്‍ കുറ്റവിമുക്തനാക്കിയത്. ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെ സമര്‍പ്പിച്ച കേസിലാണ് കോടതി വിധി.

ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണ് അരുണ്‍കുമാറിന്റെ നിയമനം വിവാദത്തിലാകുന്നത്.

ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു നിയമനസമയത്ത് ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച വിജിലന്‍സ് ഈ കണ്ടെത്തലുകള്‍ തള്ളിക്കളയുകയായിരുന്നു.

നിയമനം വിവാദമായതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more