| Wednesday, 21st December 2016, 1:29 pm

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു: അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജേക്കബ്ബ് തോമസിന് വി.എസിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിന് കത്തയച്ചു.

അന്വേഷണം ഒരു പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി വിധിച്ചിട്ട് ആറ് മാസം പിന്നിട്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും വി.എസ് കത്തില്‍ പറയുന്നു.


കേസില്‍ കോടികള്‍ തട്ടിയെടുത്തു എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.  പ്രതികളുടെ അനധികൃത സമ്പാദ്യം സംബന്ധിച്ച് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ എഫ്.ഐ.ആര്‍.തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

എന്നാല്‍ അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരുത്തരവും കോടതി പുറപ്പെടുവിച്ചിട്ടില്ല.  ഇതിനിടയില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യകളുമായി വെള്ളാപ്പള്ളി നടേശനും മറ്റും ഇറങ്ങിയിരിക്കുകയാണെന്നും വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more