ഉള്ളിയാണെന്നു പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിക്ക്: വി.എസ്
Kerala
ഉള്ളിയാണെന്നു പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിക്ക്: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2017, 3:55 pm

മലപ്പുറം: ഉള്ളിയാണെന്നു പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിക്കെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അറവുശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന്റെ പ്രസ്താവന മുന്‍നിര്‍ത്തിയായിരുന്നു വിഎസിന്റെ പ്രതികരണം.

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സംസ്ഥാന ഭരണത്തിന്റെയും കേന്ദ്ര ഭരണത്തിന്റെയും വിലയിരുത്തല്‍ നടത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു വി.എസ്.

മതനിരപേക്ഷത കാത്തു സൂക്ഷിക്കണമെന്ന പൊതുബോധത്തോടൊപ്പം മലപ്പുറത്തെ ജനങ്ങള്‍ അണിചേരണം. ജനക്ഷേമ വികസനത്തിലൂന്നിയുള്ള ഭരണമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. കേന്ദ്രത്തിലേത് ഫാഷിസ്റ്റ് ഭരണമാണ്.

പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പാര്‍ലമെന്റിലേക്കു പോകാനുള്ള മോഹം അതിമോഹമാണമെന്നും കുറ്റിപ്പുറത്തെ പുലിയെ പണ്ട് വോട്ടര്‍മാര്‍ കൂട്ടിലടച്ചതാണെന്നും വിഎസ് ഓര്‍മപ്പെടുത്തി.

അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും വി.എസ് പറഞ്ഞു.

കോഴിക്കോട് മജിസ്ട്രേറ്റ് കേസിലെ മൊഴികളെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നായിരുന്നു വി.എസ് പറഞ്ഞത്.


Dont Miss മഹിജക്കെതിരായ ആക്രമണം; പിണറായി വിജയനൊപ്പം വേദി പങ്കിടാനാവില്ല; പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി എസ്.പി ഉദയകുമാര്‍ 


തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് മലപ്പുറത്ത് നടത്തുന്നത്. സംസ്ഥാന നേതാക്കളെല്ലാം തന്നെ മുന്നണികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍.

എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് മലപ്പുറം പുതിയ ജനപ്രതിധിയെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫിലെ എം.ബി ഫൈസലും തമ്മിലാണ് പ്രധാന പോരാട്ടം.