കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ജനം ചവിട്ടിപുറത്താക്കും: വി.എസ് അച്യുതാനന്ദന്‍
Daily News
കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ജനം ചവിട്ടിപുറത്താക്കും: വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2016, 11:52 am

സഭയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും കുറ്റകരമായ അനാസ്ഥയാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രനടപടി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഒത്തിരി ചോരയും പ്രാണവേദനയുമാണ് സഹകരണ പ്രസ്ഥാനം. അതിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ കേരളത്തില്‍ നിന്നും ജനം ചവിട്ടിപ്പുറത്താക്കുമെന്ന് വി.എസ് സഭയില്‍ പറഞ്ഞു. നോട്ടു നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി കരുതി. എന്നാല്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണു തുറന്ന് പ്രതികരിക്കാന്‍ തുടങ്ങി. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്നും ജനം ചവിട്ടി പുറത്താക്കുക തന്നെ ചെയ്യുമെന്നും വിഎസ് പറഞ്ഞു.

ചായ വിറ്റു നടന്ന മോദി എങ്ങനെ അംബാനിയുടെ അംബാഡസറായെന്നും വി.എസ് ചോദിച്ചു.

സഭയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും കുറ്റകരമായ അനാസ്ഥയാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

kummanam-raja

ഒപ്പം ഒരു പെണ്ണുണ്ടായിരുന്നെങ്കില്‍ മോദി ഇങ്ങനെ ചെയ്യില്ലെന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരനും പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിന്റെതെന്നും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ആര്‍.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയ്ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ വിലക്ക് ഏതോ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.


Read more: ഫൈസല്‍ വധം; 4 പേര്‍ അറസ്റ്റില്‍; ഗൂഢാലോചന തെളിഞ്ഞതായി സൂചന


നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാന്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അടക്കമുള്ളവ തയ്യാറാണ്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനുള്ള നിയമവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും സഹകരണ ബാങ്കുകളെ കള്ളപ്പണ നിക്ഷേപ കേന്ദ്രമെന്ന് ആക്ഷേപിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലക്ക് ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനത്തില്‍ സഭ പാസാക്കും. അതേസമയം ബി.ജെ.പി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണക്കില്ലെന്നതിനാല്‍ ഏകകണ്ഠമായിട്ടാവില്ല പ്രമേയം പാസാക്കല്‍.

സഹകരണ ബാങ്കുകള്‍ കള്ളപ്പണ കേന്ദ്രങ്ങളാണെന്നുള്ള ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് സഭ നിലപാടെടുത്തിരിക്കുന്നത്.


Also Read: ശബരിമലയുടെ പേര് മാറ്റിയ വിവരം അറിഞ്ഞത് പത്രങ്ങളിലൂടെ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍