തിരുവനന്തപുരം: കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതി ക്രൂരമായ നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍.
ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയുമുള്‍പ്പെടെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വി.എസ് പറയുന്നു.
പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പോലീസ് എന്ന് പോലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു.
ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പോലീസ്.
തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നിട്ടുണ്ട്.
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.
ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ. ഈ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ എന്ന് വി.എസ് പറഞ്ഞു.
പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു പിണറായി നിലപാട് വ്യക്തമാക്കിയത്.
അതേസമയം നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ശരിയായ നടപടിയല്ലെന്ന് കാണിച്ച് വി.എസ് പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു. എതിര്‍ അഭിപ്രായം പറയുന്നവരെ കൊല്ലുകയല്ല വേണ്ടതെന്നും പോലീസിന്റെ മനോവീര്യം തകര്‍ക്കാനല്ല കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത് പറയുന്നതെന്നും വി.എസ് കത്തില്‍ വ്യക്തമാക്കിയിരുന്നു.