| Monday, 6th February 2017, 1:33 pm

ജയിലില്‍ 'ഗോമാതാ പൂജ' നടത്തിയ ജയില്‍ സുപ്രണ്ടിനെതിരെ നടപടിയെടുക്കണം: വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയിലുകളെ പോലും കാവിവത്ക്കരിക്കാനുള്ള ആര്‍.എസ്.എസിന്റെ ഗൂഢ നീക്കങ്ങള്‍ക്ക് ജയിലധികാരികള്‍ വഴങ്ങുന്നുവെന്നതും ഗൗരവതരമായി കാണേണ്ടതുണ്ടെന്നും വി.എസ്


കാസര്‍കോഡ്: ചീമേനി തുറന്ന ജയിലില്‍ “ഗോമാതാ പൂജ” നടത്തിയ സംഭവത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

വ്യാജ സന്യാസി എന്ന ആരോപണത്തിന് വിധേയനായ ഒരാളുടെ കാര്‍മികത്വത്തില്‍ ആര്‍.എസ്.എസുകാരായ തടവുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജയിലില്‍ ഇത്തരം ഒരു പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്തു വന്നിട്ടുള്ളത്. പൊലീസ് അധികാരികളും ജയില്‍ മേധാവികളുമൊക്കെ ഇതിനു കൂട്ടു നില്‍ക്കുന്നു എന്നത് അത്യന്തം അപകടകരവുമാണ്.

ഇത്തരത്തില്‍ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുനരാനയിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണ്. ജയിലുകളെ പോലും കാവിവത്ക്കരിക്കാനുള്ള ആര്‍.എസ്.എസിന്റെ ഗൂഢ നീക്കങ്ങള്‍ക്ക് ജയിലധികാരികള്‍ വഴങ്ങുന്നുവെന്നതും ഗൗരവതരമായി കാണേണ്ടതുണ്ടെന്നും വി.എസ് വ്യക്തമാക്കി.


Read more: ഒരു മുസ്‌ലിം ബി.ജെ.പിയ്‌ക്കെതിരെ സംസാരിച്ചാല്‍ അയാള്‍ തീവ്രവാദി, ഹിന്ദു സംസരിച്ചാല്‍ അയാള്‍ നക്‌സല്‍: സുരേഷ് ഖൈര്‍നാര്‍


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയാണ് കേരളം മുന്നേറിയതും ഇപ്പോള്‍ വജ്രജൂബിലി തിളക്കത്തില്‍ എത്തിയിരിക്കുന്നതും.  ഇത്തരം അസംബന്ധ നടപടികള്‍ക്ക് സഹായം ചെയ്ത ജയില്‍ സൂപ്രണ്ടിനും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണം വി.എസ് പറഞ്ഞു.

ചീമേനി ജയിലില്‍ കര്‍ണാടകയില്‍ നിന്നെത്തിയ സംഘപരിവാര്‍ അനുഭാവിയായ ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു പൂജ നടത്തിയിരുന്നത്. ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ണാകയിലെ മഠം അധികൃതര്‍ പശുക്കളെ കൈമാറുന്ന ചടങ്ങില്‍ ഗോപൂജ നടത്തിയതാണ് വിവാദമായിരുന്നത്.

We use cookies to give you the best possible experience. Learn more