തിരുവനന്തപുരം: തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടികള്‍ അപലപനീയമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ച് നേഴ്സുമാര്‍ നടത്തുന്ന സമരത്തെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് നേരിടാമെന്നും, സമരം അട്ടിമറിക്കാമെന്നും കരുതുന്നത് വ്യാമോഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മേഖലയിലെ സംഘടിത ശക്തിയെ കരിനിയമങ്ങളുപയോഗിച്ച് നേരിടാമെന്നത് ഇടതുപക്ഷ കാഴ്ച്ചപ്പാടല്ല. തൊഴിലിനെ ഇടിച്ചുതാഴ്ത്താനും മൂലധനത്തെ സംരക്ഷിക്കാനുമുള്ള ബൂര്‍ഷ്വാ താല്‍പ്പര്യമാണ് കളക്റ്റര്‍ തന്റെ അധികാരമുപയോഗിച്ച് നടപ്പാക്കാമെന്ന് വ്യാമോഹിക്കുന്നത്. അതിനു വേണ്ടി, എല്ലാ ആതുര ധാര്‍മ്മികതയും നിയമ ബാദ്ധ്യതയും കാറ്റില്‍ പറത്തി, ആശുപത്രി മുതലാളിമാര്‍ക്കു വേണ്ടി കങ്കാണിപ്പണി ചെയ്യുകയാണ് ജില്ലാ കളക്ടര്‍
ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ കളക്റ്ററുടെ നടപടികളെ ന്യായീകരിക്കാന്‍ തനിക്കാവില്ല. ഇത്തരം നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് വി.എസ് രംഗത്തുവന്നിരിക്കുന്നത്.