| Wednesday, 11th May 2016, 8:46 pm

പാമോയില്‍ കേസ്; ഉമ്മന്‍ ചാണ്ടിയുടെ കംസബുദ്ധിക്കേറ്റ സുപ്രീംകോടതിയുടെ പ്രഹരമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാമോയില്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവ് ഉമ്മന്‍ ചാണ്ടിയുടെ കംസബുദ്ധിക്കേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.എസ് പ്രതികരിച്ചത്.

“ഐക്യ അഴിമതി മുന്നണി” ഗവന്മെന്റിന് പാമോയില്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ഇന്ന് കനത്ത പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി പാമോയില്‍ കേസില്‍ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണിതെന്നും വി.എസ് കുറിച്ചു.

പാമോയില്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ ആകില്ലെന്നും കേസിന്റെ വിചാരണ നടക്കട്ടെ എന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

അഴിമതിക്കാരെ രക്ഷിക്കാനായി ഈ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും, അതിനുവേണ്ടി എന്തു കള്ളവും പറയുമെന്നും എന്റെ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയില്‍ തെളിവുകള്‍ നിരത്തി വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ചൊരിഞ്ഞത്. അഭിമാനം ലേവലേശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി ഉടനടി തന്റെ സ്ഥാനം രാജിവയ്‌ക്കേണ്ടതാണ്, വി.എസ് പറഞ്ഞു.

പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ടന്നാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. സുപ്രീംകോടതിയുടെ പരിശോധനയില്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് തെളിഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വി.എസിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

ഫലത്തില്‍ പാമോയില്‍ കേസിലെ പ്രതികളുമായി കൂട്ടുചേര്‍ന്ന് നിയമസംവിധാനത്തെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖമുദ്രയും അദ്ദേഹം നേതൃത്വം നല്കുന്ന “ഐക്യ അഴിമതി മുന്നണി” യുടെ രാഷ്ട്രീയവുമെന്ന് വി.എസ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി എന്തിന് ഇത്തരം കൊള്ളരുതായ്മകള്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുമ്പില്‍ ചെയ്തു. ഉത്തരം ലളിതമാണ്. സ്വന്തം തടി രക്ഷിക്കാന്‍. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെയും പ്രതിചേര്‍ക്കണം എന്ന എന്റെ ഹര്‍ജി തീര്‍പ്പ് കല്പിച്ചുകൊണ്ട് വിധി പറഞ്ഞത് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ തലവന്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ആണ്. ആ വിധിന്യായത്തില്‍ പാമോയില്‍ കേസ് വിചാരണയ്ക്ക് വരുമ്പോള്‍ തെളിവ് ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയെയും പ്രതിയാക്കാം എന്ന് നിരീക്ഷിച്ചിരുന്നു. കേസിന്റെ വിചാരണ നടന്നില്ലെങ്കില്‍ താന്‍ പ്രതിയാകില്ലല്ലോ! കൃഷ്ണന്‍ പിറന്നാലെ തന്റെ അന്തകനാകൂ എന്നറിയാമായിരുന്ന കംസന്‍ ജനിച്ച് വീണ എല്ലാ കുഞ്ഞുങ്ങളെയും അറുകൊല ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ കംസബുദ്ധിയുടെ മണ്ടയ്ക്കാണ് ചുറ്റികകൊണ്ട് സുപ്രീംകോടതി ഇന്ന് ആഞ്ഞടിച്ചിരിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more