ജലചൂഷണം നടത്തുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍
Kerala News
ജലചൂഷണം നടത്തുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 6:55 pm

തിരുവനന്തപുരം: കുടിവെള്ളത്തിന് വേണ്ടി പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ പോരാട്ടം നടത്തേണ്ടിവന്ന പാലക്കാട്ടെ ജനങ്ങളെ ജലചൂഷണം നടത്തുന്ന ബ്രൂവറി കൊണ്ടുവന്ന് ഇനിയും കഷ്ടപ്പെടുത്തരുതെന്ന് മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.

ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണെന്നും വി.എസ് പറഞ്ഞു.

ബിയര്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സി.പി.എമ്മിന്റെ പ്രാദേശിക ഘടകവും നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.