| Monday, 1st August 2016, 10:52 am

കോഴിക്കോട് കോടതിയിലെ മാധ്യമവിലക്കില്‍ ദുരൂഹത; കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഐസ്‌ക്രീം കേസില്‍ വി.എസിനെതിരെ വാദവുമായെത്തിയെന്ന് വി.എസിന്റെ അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് കോടതിയിലെ മാധ്യമവിലക്കില്‍ ദുരൂഹതയെന്ന് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍.

കോടതിയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവങ്ങളില്‍ ദുരൂഹതയുണ്ട്. അന്നേ ദിവസം ഐസ്‌ക്രീം കേസ് പരിഗണിച്ചപ്പോള്‍ ഐസ്‌ക്രീം കേസില്‍ ഇതുവരെ കക്ഷിയല്ലാത്ത ഒരു അഭിഭാഷകന്‍ കക്ഷി ചേര്‍ന്നെന്നും ഇദ്ദേഹം പറഞ്ഞു.

ഇടപെട്ടത് ഹൈക്കോടതി അഭിഭാഷകനായ സന്തോഷ് മാത്യൂവാണ്്. കക്ഷിയല്ലാത്ത അഭിഭാഷകന്‍ വി.എസിനെ കുറിച്ച് വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ നിശബ്ദനായി ഇരുന്നു.

നിങ്ങള്‍ ആരാണെന്ന് താന്‍ ചോദിച്ചപ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എസിനെതിരായ ഒരു കേസില്‍ താന്‍ കക്ഷിചേര്‍ന്നിരുന്നു എന്നായിരുന്നു ഇയാളുടെ മറുപടിയെന്നും ഭാസ്‌കരന്‍ നായര്‍ പറയുന്നു.

ഐസ്‌ക്രീം കേസില്‍ പല നാടകീയ നീക്കങ്ങളും നടക്കുന്നുണ്ടെന്നും അതൊന്നും അറിയാതിരിക്കാനാണ് മാധ്യമങ്ങളെ വിലക്കിയതെന്നും ഭാസ്‌ക്കരന്‍ നായര്‍ പറഞ്ഞു.

കേസില്‍ ഇടപെട്ട അഭിഭാഷകനെ തനിക്ക് നേരിട്ടറിയില്ല. കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more