തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വി.എസ് അച്യുതാനന്ദന്‍. ആശയങ്ങളില്‍ പിഴവ് വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ജാഗ്രത കാണിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം പിണറായി വിജയന് കത്ത് നല്‍കി.
പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്നും വി.എസ് കത്തില്‍ പറയുന്നു.
ഇടതുപക്ഷ നിലപാടുകളില്‍നിന്ന് വ്യതിചലിച്ചെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമി റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ് റവന്യൂ വകുപ്പ് മന്ത്രിയോടും കത്തില്‍ ആവശ്യപ്പെട്ടു.