തിരുവനന്തപുരം: ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയ കൊടിയ അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവര്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
കോടിയേരിയുടെ വീടിനു നേരെ മാത്രമല്ല, തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും സി.പി.ഐ.എം – ഡി.വൈ.എഫ് ഐ നേതാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണം നടത്തുകയും കനത്ത നാശം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
അക്രമണങ്ങള്‍ക്കു ശേഷവും ബി.ജെ.പി നേതാക്കള്‍ നാട്ടിലാകെ അരാജകത്വം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്നാണ് അവരുടെ പ്രകോപനപരമായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് മുഖം വികൃതമായ ബി.ജെ.പി അത് മറച്ചു വെയ്ക്കാന്‍ വേണ്ടിക്കൂടിയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
സൈ്വര്യജീവിതവും, ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ലായെന്ന ധാര്‍ഷ്ട്യത്തോടെയാണ് ഫാസിസത്തിന്റെ വക്താക്കളായ ആര്‍.എസ്.എസ്സും ബി.ജെ.പിയും നാട്ടിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇതിനെതിരെ ജാഗരൂകരായിരിക്കാനും, ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനും സി.പി.ഐ.എം പ്രവര്‍ത്തകരും, ജനാധിപത്യവാദികളും തയ്യാറാകണമെന്നും വി.എസ് പറഞ്ഞു.