|

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്; നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ച് വി.എസ് അച്യൂതാനന്ദന്‍.
സുപ്രീംകോടതി വിധി നിമയവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു.

നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടുമ്പോള്‍ സ്റ്റേ സമ്പാദിച്ച് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീടത് വിറ്റഴിക്കുകയുമാണ് നിര്‍മ്മാതാക്കള്‍ ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.

സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.എസിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം;

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ലാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ലാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ