| Tuesday, 6th April 2021, 11:56 am

പോസ്റ്റല്‍ വോട്ടുമില്ല; വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിയ്ക്കും വോട്ട് ചെയ്യാനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല.

പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാനാകാഞ്ഞത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍.

എണ്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വി.എസിന് അത് ഉപയോഗിക്കാനായില്ല.

താമസിക്കുന്ന തിരുവനന്തപുരത്ത് തന്നെ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യവുമായി വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാകില്ലെന്നാണ് മറുപടി ലഭിച്ചത്.

എണ്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിക്കണമെങ്കില്‍ അവര്‍ അതേ മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

മകന്‍ വി.എ അരുണ്‍കുമാറും കുടുംബവും പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ലഭ്യാമാകിതിരുന്നതിനാല്‍ വി. എസിന് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VS achuthanathan and his wife couldnt vote due to health issues

We use cookies to give you the best possible experience. Learn more