കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപനം വി.എസ് ബഹിഷ്‌കരിക്കും
Kerala
കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപനം വി.എസ് ബഹിഷ്‌കരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th February 2012, 4:34 pm

പാലക്കാട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. വേണ്ടരീതിയില്‍ ക്ഷണിച്ചില്ലെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും വി.എസ് വ്യക്തമാക്കി. അതേസമയം പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വി.എസിനെ ക്ഷണിച്ചിട്ടുള്ളതെന്ന് റെയില്‍വെ അറിയിച്ചു.

നാളെയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങ്. കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുക. പാലക്കാട് കോട്ട മൈതാനിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുന്നുണ്ട്.

വി.എസിന്റെ മണ്ഡലമായ മലമ്പുഴയിലാണ് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതെങ്കിലും ചടങ്ങ് സംഘടിപ്പിക്കുന്നത് കോട്ട മൈതാനിയിലാണ്. ചടങ്ങിലേക്ക് വി.എസിനെ ക്ഷണിച്ചത് റെയില്‍വേ ഉദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും ക്ഷണിച്ചില്ലെന്നാണ് വി.എസിന്റെ പരാതി. എന്നാല്‍ തിയതി തീരുമാനിച്ചയുടന്‍ തന്നെ വി.എസിനെ ക്ഷണിച്ചതായി റെയില്‍വേ വിശദീകരിച്ചു. കഴിഞ്ഞ 17ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഫോണില്‍ വി.എസിനെ വിളിച്ച് ചടങ്ങിന് ക്ഷണിച്ചിരുന്നു. ഇന്നലെ റെയില്‍വേ പി.ആര്‍.ഒ അദ്ദേഹത്തെ നേരില്‍ കണ്ടും ചടങ്ങിന് ക്ഷണിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതുശേരി വെസ്റ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് 239 ഏക്കര്‍ സ്ഥലത്താണ് കോച്ച് ഫാക്ടറി സ്ഥാപിക്കുക. 550 കോടി രൂപ ചെലവിട്ട് മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 26% ഓഹരിയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. പൊതുസ്വകാര്യ സംരംഭമായാണ് പദ്ധതി നടപ്പാക്കുക.

എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്നതിലും വ്യത്യസ്ഥമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി.പി.ഐ.എം ആരോപിച്ചു. പദ്ധതിക്കായി 439 ഏക്കര്‍ ഭൂമിഏറ്റെടുത്തിട്ടും 239 ഏക്കര്‍ മാത്രമാണ് കോച്ച് ഫാക്ടറിക്ക് വിട്ടുനല്‍കിയിരിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കുപിടിച്ച് നടത്തുന്ന നാടകമാണ് ശിലാസ്ഥാപനമെന്നാണ് റെയില്‍വേയുടെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രി എം.വിജയകുമാറിന്റെ പ്രതികരണം.

Malayalam News

Kerala News In English