| Monday, 1st September 2014, 2:01 pm

പാമോലിന്‍, ഉമ്മന്‍ചാണ്ടിക്ക് മണ്ടനാകാതെ രാജിവെക്കാനുള്ള അവസരം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൈറ്റാനിയം കേസ് അടക്കം വിവിധ കേസുകളില്‍ ഉമ്മന്‍ചാണ്ടി സ്ഥിരമായി തിരിച്ചടി നേരിട്ടുവരികയാണ്. മുഖ്യമന്ത്രിക്ക് കീഴിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന പ്രതിപക്ഷവാദം ശരിവയ്ക്കുന്നതാണ് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസിലും സലിംരാജ് ഭൂമി തട്ടിപ്പ് കേസിലും ഉമ്മന്‍ചാണ്ടിക്ക് പ്രഹരം കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉളുപ്പില്ലാതെ അദ്ദേഹം അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കുകയാണെന്നും അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാമോലിന്‍ കേസിലെ ആരോപണത്തെ തുടര്‍ന്ന് താന്‍ രാജിവെച്ചിരുന്നെങ്കില്‍ മണ്ടനായേനെ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ടനാകാതെ രാജിവെക്കാനുള്ള സുവര്‍ണാവസരമാണിത്. അദ്ദേഹം ഇത് വിനിയോഗിക്കുമെന്ന് കരുതുന്നു. തൊലിക്കട്ടിയുടെ മികവിലാണ് മുഖ്യമന്ത്രി ഉടുമ്പിനെപ്പോലെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

സാമാന്യ നീതിയുടെ പ്രശ്‌നമാണ് കോടതി ഉന്നയിച്ചതെന്ന് പിണറായി വിജയന്‍ കോടതി പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി അരനിമിഷം തുടരുന്നത് കേരളീയര്‍ക്കും ജനാധിപത്യത്തിനും തീര്‍ത്താല്‍ തീരാത്ത അപമാനമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more